ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള നീക്കം : എതിര്‍ക്കുമെന്ന് ഉമര്‍ അബ്ദുല്ല

Posted on: May 29, 2014 12:55 am | Last updated: May 29, 2014 at 12:22 am

OMAR PTI 1ശ്രീനഗര്‍: ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള നീക്കം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ വിവാദമായ പ്രസ്താവന വന്ന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ സര്‍ക്കാര്‍ ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള നടപടികള്‍ ആരംഭിച്ചതായും ഇതുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ചകള്‍ നടക്കുന്നതായും കഴിഞ്ഞ ദിവസമാണ് ജിതേന്ദ്ര സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
എന്നാല്‍ ഈ പ്രസ്താവനയോട് പ്രതികരിക്കവെ, ഇത്തരം നീക്കം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ഉമര്‍ അബ്ദുല്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മുകാശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഏക ഘടകം ആര്‍ട്ടിക്കിള്‍ 370 ആണ്. ഇത് എടുത്തുകളയുകയാണെങ്കില്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി തുടരുകയില്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
ലോക്‌സഭാ അംഗവും കാശ്മീരിലെ പ്യൂപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റുമായ മഹ്ബൂബ മുഫ്തിയും ജിതേന്ദ്ര സിംഗിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള ഏതു നീക്കത്തെയും ചെറുത്തുതോല്‍പ്പിക്കുമെന്നായിരുന്നു അവരുടെ പ്രതികരണം.