തൊഴിലാളികളുടെ വേതനവര്‍ധന; ആഗോള ശില്‍പ്പശാല തുടങ്ങി

Posted on: May 29, 2014 12:20 am | Last updated: May 29, 2014 at 12:20 am
SHARE

കമ്പോഡിയ: തൊഴിലാളികളുടെ വേതന വര്‍ധനവ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിവിധ രാജ്യങ്ങളിലെ തൊഴിലാളി യൂനിയന്‍ നേതാക്കളുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഏഷ്യാ-പസഫിക് റീജ്യനല്‍ ശില്‍പ്പശാല കമ്പോഡിയില്‍ തുടങ്ങി. സെമിനാറില്‍ ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍, നെതര്‍ലാന്‍ഡ്, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്്, തായ്‌ലന്‍ഡ്്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളി സംഘടനാ പ്രതിനിധിയായി ഐ എന്‍ ടി യു സി അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്‍ സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു.
ടെക്‌സ്‌റൈറല്‍, ഗാര്‍മെന്റ്‌സ് തൊഴിലാളികളുടെ വേതന പരിഷ്‌കരണത്തിന് ശാസ്ത്രീയ സമീപനം അനുവര്‍ത്തിക്കേണ്ടതുണ്ടെന്നും വേതന വര്‍ധനവിലൂടെ മാത്രമേ വ്യവസായ വളര്‍ച്ച സാധ്യമാവുകയുള്ളൂവെന്നും ടെക്‌സ്‌റൈറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയായ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ലോകരാഷ്ട്രങ്ങള്‍ ലിവിംഗ് വേജിനെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ മിനിമം വേതനത്തിനുള്ള പോരാട്ടത്തിലാണ് മിക്ക രാജ്യങ്ങളിലേയും തൊഴിലാളികള്‍. ജീവിത ചെലവുകള്‍ വഹിക്കാന്‍ തൊഴിലാളികള്‍ക്ക് വേതനം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.