Connect with us

Ongoing News

ഹയര്‍സെക്കന്‍ഡറി അധികബാച്ചുകള്‍: വിജ്ഞാപനം പുറത്തിറങ്ങി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി അധികബാച്ചുകള്‍ അനുവദിക്കുന്നതിന് അപേക്ഷിക്കാനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജൂണ്‍ രണ്ടുവരെ അപേക്ഷിക്കാം.
സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കാണ് പ്രഥമ പരിഗണന. രണ്ടാമതായി കോര്‍പറേറ്റ് മാനേജ്‌മെന്റുകളുടെ എയ്ഡഡ് സ്‌കൂളുകളെയും അതിന് ശേഷം വ്യക്തിഗത/ട്രസ്റ്റ് മാനേജ്‌മെന്റ് എയ്ഡഡ് സ്‌കൂളുകളെയും പരിഗണിക്കും. കൂടുതല്‍ പ്ലസ്‌വണ്‍ സീറ്റ് ആവശ്യമായി വരുന്ന റവന്യു ജില്ലകള്‍ക്കായിരിക്കും പ്രഥമ പരിഗണന. നിലവില്‍ അധികബാച്ചുകള്‍ക്കായി അപേക്ഷിച്ചിട്ടുള്ള സ്‌കൂളുകള്‍ വീണ്ടും അപേക്ഷിക്കണം.
അപേക്ഷയുടെ വിശദാംശങ്ങളും അപേക്ഷിക്കേണ്ടുന്നവിധവും അപേക്ഷാഫോമിന്റെ മാതൃകയും www.dhsekerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും.
അപേക്ഷകള്‍ ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം തിരുവനന്തപുരം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ എത്തിക്കണം.
2014 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പഠനത്തിന് അര്‍ഹരായ കുട്ടികളുടെ എണ്ണം, അഞ്ച് കിലോമീറ്റര്‍ ചുറ്റവളവിലുള്ള ഹയര്‍ സെക്കന്‍ഡറി വൊക്കേഷനല്‍ ഹയര്‍ സെക്കഡറി സ്‌കൂളുകളുടെ എണ്ണം, ഈ സ്‌കൂളുകളില്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണം, സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അപേക്ഷക സ്ഥാപനം നിലനില്‍ക്കുന്ന പ്രദേശത്തിന്റെ അവസ്ഥ, അപേക്ഷിക്കുന്ന സ്‌കൂളിലെ ക്ലാസുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം, അപേക്ഷിക്കുന്ന സ്‌കൂളിന്റെ അഞ്ച് വര്‍ഷത്തെ അക്കാദമിക നേട്ടം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചാവും ബാച്ചുകള്‍ അനുവദിക്കുന്നത്.