സംസ്ഥാനത്തെ വികസന പദ്ധതികള്‍ കേന്ദ്രത്തെ ധരിപ്പിക്കാന്‍ ബി ജെ പിക്ക് നാലംഗ സമിതി

Posted on: May 29, 2014 12:14 am | Last updated: May 29, 2014 at 12:14 am

കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസന- രാഷ്ട്രീയ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ ധരിപ്പിക്കാനായി നാലംഗ സമിതി ബി ജെ പി സംസ്ഥാനഘടകം രൂപവത്കരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി രമേശ് കണ്‍വീനറായുള്ള സമിതിയില്‍ നിര്‍വാഹക സമിതിയംഗങ്ങളായ സി കെ പത്മനാഭന്‍, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ എന്നിവരാണ് അംഗങ്ങള്‍. കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
അടിയന്തര പരിഗണന ലഭിക്കേണ്ടതുള്‍പ്പെടെയുള്ള വികസനവിഷയങ്ങള്‍ സമിതി പഠനവിധേയമാക്കും. തുടര്‍ന്ന് പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എന്നിവരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാറാട് കൂട്ടക്കൊല, ടി പി ചന്ദ്രശേഖരന്‍ വധം, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം എന്നീ കേസുകളില്‍ സി ബി ഐ അന്വേഷണത്തിന് നടപടിയുണ്ടാകാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇതുമായി ബന്ധപ്പെട്ട് ബി ജെ പി പ്രതിനിധി സംഘം അടുത്ത ദിവസം മുഖ്യമന്ത്രിയെ കാണും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പ്രഖ്യാപിത നിലപാടുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ്‌വിരുദ്ധ ശക്തികളെ വിജയിപ്പിക്കുന്നതിനു മുന്‍കൈയെടുക്കേണ്ട സി പി എം അതിനു ശ്രമിച്ചില്ല. രാജ്യം മുഴുവന്‍ കോണ്‍ഗ്രസിനെതിരായി വിധിയെഴുതിയിട്ടും സംസ്ഥാനത്ത് അങ്ങനെയൊന്നുണ്ടാകാത്തതിന്റെ കാരണം ഇതാണ്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ-ഭരണ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ അടുത്ത മാസം സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ രാഷ്ട്രീയ സമ്മേളനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. തിരഞ്ഞെടുപ്പുഫല അവലോകനം അജന്‍ഡയിലുണ്ടായിരുന്നെങ്കിലും കാര്യമായ ചര്‍ച്ച നടന്നില്ല.