കാലിക്കറ്റ് സര്‍വകലാശാലാ വി സി ശമ്പളവും പെന്‍ഷനും വാങ്ങുന്നതായി പരാതി

Posted on: May 29, 2014 12:14 am | Last updated: May 29, 2014 at 12:14 am

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുസ്സലാം പെന്‍ഷനും ശമ്പളവും ഒന്നിച്ച് കൈപ്പറ്റുന്നതായി പരാതി. വൈസ് ചാന്‍സലറായി അധികാരമേറ്റതു മുതല്‍ സര്‍വകലാശാലയിലെ ശമ്പളവും മുമ്പ് ജോലി ചെയ്തിരുന്ന കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള പെന്‍ഷനുമടക്കം 1,97,168 രൂപ കൈപ്പറ്റുന്നതായി കാണിച്ച് ജീവനക്കാരുടെ സംയുക്ത സമരസമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. വി സി അധികാരമേറ്റ 2011 ആഗസ്റ്റ് 13 മുതല്‍ ഇത് തുടരുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ശമ്പളയിനത്തില്‍ 1,47,500 രൂപ (അടിസ്ഥാന ശമ്പളം 75,000 രൂപ, ക്ഷാമബത്ത 67,500 രൂപ, സ്‌പെഷ്യല്‍ അലവന്‍സ് 5000 രൂപ) അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലയില്‍ നിന്നും പെന്‍ഷന്‍ ഇനത്തില്‍ 49,668 രൂപ (അടിസ്ഥാന പെന്‍ഷന്‍ 29,920 രൂപ, ക്ഷാമബത്തയായി 19,448 രൂപ, മെഡിക്കല്‍ അലവന്‍സ് 300 രൂപ) എന്നിങ്ങനെയാണ് ഡോ. അബ്ദുസ്സലാം കൈപ്പറ്റുന്നത്. രണ്ട് ശമ്പളം വാങ്ങുന്നത് നിയമ വിരുദ്ധമാണ്. ഇത് മറച്ചാണ് വൈസ് ചാന്‍സലര്‍ കഴിഞ്ഞ 23 മാസമായി ശമ്പളം കൈപ്പറ്റുന്നത്.
ഇതുവഴി സര്‍വകലാശാലക്ക് 16,39,044 രൂപയുടെ നഷ്ടമുണ്ടായെന്ന് സമരസമിതി ആരോപിക്കുന്നു. ഇത് 65 ശതമാനം ക്ഷാമബത്തയുണ്ടായിരുന്ന സമയത്താണ്. ഇപ്പോള്‍ പെന്‍ഷന്‍ ക്ഷാമബത്ത 90 ശതമാനമാണെന്നും സമരസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വി സിയെ പുറത്താക്കണമെന്ന ആവശ്യവുമായി സര്‍വകലാശാലാ ജീവനക്കാര്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.