Connect with us

Ongoing News

40 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെയുള്ള 40 ലക്ഷം കുടുംബശ്രീ, അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍. മിഷന്‍ 676 ന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ രോഗത്തെ അതീജീവിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കാന്‍ സഹായിക്കുന്ന സമ്പൂര്‍ണ ക്യാന്‍സര്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ കൗമാരപ്രായത്തിലുള്ള മൂന്നര ലക്ഷം ആണ്‍കുട്ടികള്‍ക്ക് ലൈഫ്‌സ്‌കില്‍ വിദ്യാഭ്യാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ന്യായവിലക്ക് വൃത്തിയും രുചികരവുമായ ഭക്ഷണം നല്‍കുന്നതും വരുമാനസ്രോതസ്സുള്ളതുമായ ഫുഡ് ഓണ്‍ വീല്‍സ് ഫോര്‍ വിമന്‍ പദ്ധതി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നടപ്പാക്കും. 28 പുതിയ യൂനിറ്റുകള്‍ ആരംഭിക്കും. നിര്‍ഭയക്ക് വേണ്ടി പുതിയ ഒമ്പത് അഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
എല്ലാ ഹീമോഫീലിയ രോഗികള്‍ക്കും വൃക്ക, കരള്‍ എന്നിവ മാറ്റിവെച്ച രോഗികള്‍ക്കും 1000 രൂപയുടെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. 3500 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. വയോമിത്രം പദ്ധതി 23 മുനിസിപ്പാലിറ്റികളില്‍ നടപ്പാക്കും. എച്ച് ഐ വി ബാധിതരായ കുട്ടികള്‍ക്കായി പ്രത്യേക സ്‌നേഹപൂര്‍വം പദ്ധതി നടപ്പാക്കും. 3000 കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. സ്‌നേഹപൂര്‍വം പദ്ധതി സാര്‍വത്രികമാക്കും. 25,000 കുട്ടികള്‍ക്ക് പദ്ധതി പ്രയോജനകരമാകും. അഗതികളായ 50,000 ഏകാന്ത വയോജനങ്ങള്‍ക്ക് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യും. അഞ്ച് ലക്ഷം വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും.
നവജാത ശിശുക്കളുടെ കേള്‍വിത്തകരാറുകള്‍ നിര്‍ണയിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. ഇതുവഴി 50,000 കുട്ടികള്‍ക്ക് പരിശോധന നടത്തും. 1,30,000 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതികള്‍ സാര്‍വത്രികമാക്കും. അംഗപരിമിതരായ വനിതള്‍ക്കുള്ള ഹോമില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആശ്വാസകിരണ്‍ പദ്ധതി പോസ്റ്റല്‍ സേവിംഗ്‌സ് അക്കൗണ്ടിലൂടെ നല്‍കും.
തിരഞ്ഞെടുക്കപ്പെട്ട 32 ഗ്രാമപഞ്ചായത്തുകളില്‍ മാതൃകാ ശുചിത്വഗ്രാമം പദ്ധതി നടപ്പാക്കും. കുടുംബശ്രീയുമായി ചേര്‍ന്ന് തരിശുനിലങ്ങളില്‍ പച്ചക്കറിക്കൃഷി പാട്ടക്കൃഷിയായി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. മൂന്നാം ലിംഗ വിഭാഗത്തില്‍പ്പെട്ട വ്യക്തികളുടെ സര്‍വേ നടത്തും. ഗ്രാമപഞ്ചായത്തുകളില്‍ മാതൃകാ അറവുശാലകള്‍ നിര്‍മിച്ചു നല്‍കും. അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങും. കെട്ടിടനികുതി സംവിധാനം, തൊഴില്‍കരം, വിനോദ നികുതി, യൂട്ടിലിറ്റി സര്‍വീസസ് എന്നീ മേഖലകളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ്, ഇലക്ട്രോണിക് ഫയലിംഗ് സംവിധാനം നടപ്പാക്കും. സമ്പൂര്‍ണ ഭവനപദ്ധതിയില്‍ ഇനിയും ഭവനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട 35,216 ഗുണഭോക്താക്കള്‍ക്ക് വീടുനിര്‍മിക്കാനുള്ള ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Latest