പരിസ്ഥിതി സംരക്ഷണത്തിന് ക്ലൈമറ്റ് ചെയ്ഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും: തിരുവഞ്ചൂര്‍

Posted on: May 29, 2014 12:11 am | Last updated: May 29, 2014 at 12:11 am

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് ആരംഭിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പരിസ്ഥിതി വിഷയങ്ങളില്‍ സജീവമായി ഇടപെടാനും ക്രിയാത്മകമായി നടപടികള്‍ സ്വീകരിക്കാനുമാണ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്.
പരിസ്ഥിതി പരിപാലന പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിവിധ പരിസ്ഥിതി പദ്ധതികള്‍ ഉള്‍പ്പെടുത്തി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ പങ്കാളിത്ത പരിസ്ഥിതി കൗണ്‍സില്‍ രൂപീകരിക്കും. ഇതില്‍ അംഗീകൃത എന്‍ ജി ഒകളെ ഭാഗഭാക്കാക്കും. കൗണ്‍സിലുകള്‍ക്ക് പഞ്ചായത്തു തലത്തില്‍ ആക്ഷന്‍ പ്ലാന്‍ കൊണ്ടുവരും.പഞ്ചായത്തിനു കീഴില്‍ ഗ്രാമസഭകള്‍ ചേരുന്നതുപോലെ ഹരിത ശ്രീ സഭകള്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കും. കൂടാതെ ജലസംരക്ഷണ സമിതിയും രൂപീകരിക്കും. ജൂണ്‍ അഞ്ചിനു നടക്കുന്ന പരിസ്ഥിതി ദിനാഘഷത്തിന്റെ കര്‍മ്മപരിപാടികളുടെ ഭാഗമായി ഹരിതശ്രീ മൂവ്‌മെന്റ് പ്രഖ്യാപിക്കും. ഹരിതശ്രീ മൂവ്‌മെന്റിന് ഒരു ന്യൂസ് പോര്‍ട്ടലും ഉയന്‍ ആരംഭിക്കും. ജൂണ്‍ മൂന്നിന് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന പരിസ്ഥിതി സെമിനാറില്‍ പരിസ്ഥിതി പരിപാലന പദ്ധതികള്‍ സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതശ്രീയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ ഉദ്ഘാടനും ചടങ്ങില്‍ നടന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.