പണ്ഡിത ദര്‍സ് വാര്‍ഷികം; ചരിത്ര ഗവേഷണ യാത്ര നാളെ തുടങ്ങും

Posted on: May 29, 2014 12:11 am | Last updated: May 29, 2014 at 12:11 am
SHARE

മലപ്പുറം: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നടത്തിവരുന്ന പണ്ഡിത ദര്‍സുകളുടെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ചരിത്ര ഗവേഷണ യാത്ര നാളെ രാവിലെ ആറ് മണിക്ക് ഒതുക്കുങ്ങല്‍ ഒ കെ ഉസ്താദിന്റെ മഖാമില്‍ നിന്ന് തുടങ്ങും. പൊന്മള ഉസ്താദിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന യാത്രയില്‍ പ്രമുഖരായ പണ്ഡിതര്‍ പങ്കെടുക്കും.
സമസ്തയുടെ രൂപവത്കരണത്തിനും തുടര്‍ന്ന് നിരവധി വര്‍ഷം സമസ്തക്ക് നേതൃത്വം നല്‍കിയ മര്‍ഹും വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, മമ്പുറം തങ്ങള്‍, പരപ്പനങ്ങാടി, കടലുണ്ടി, വാഴക്കാട്, പറമ്പില്‍ ബസാര്‍, കാപ്പാട്, നാദാപുരം, ചാലിയം, പെരിങ്ങത്തൂര്‍ എന്നീ ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിച്ച് ഒന്നാം ദിവസത്തെ യാത്ര ചൊക്ലിയില്‍ സമാപിക്കും.
രണ്ടാം ദിവസത്തെ പര്യടനം മോന്താല്‍, കുഞ്ഞിപ്പള്ളി, കണ്ണൂര്‍, വളപട്ടണം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ സന്ദര്‍ശന ശേഷം താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ മഖ്ബറയില്‍ സമാപിക്കും. ആദര്‍ശം, ആത്മീയം, ചരിത്രം, സംസ്‌കാരം, കര്‍മം എന്നീ സെഷനുകളിലായി ചര്‍ച്ചയും സംവാദവും നടക്കുന്ന യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.