രണ്ട് വര്‍ഷത്തിനിടെ കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കും: കൃഷിമന്ത്രി

Posted on: May 29, 2014 12:09 am | Last updated: May 29, 2014 at 12:09 am

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനകം കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍. മിഷന്‍ 676 നോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം സ്വയംപര്യാപ്തതയിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തു നിന്നും പച്ചക്കറി വാങ്ങേണ്ട അവസ്ഥയില്‍ നിന്നുമാറി വിഷവിമുക്തമായ പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സമൃദ്ധി പദ്ധതി പ്രകാരം പത്ത് ലക്ഷം അത്യുത്പാദനശേഷിയുള്ള പുതിയ സങ്കരയിനം തെങ്ങുകള്‍ സംസ്ഥാനത്ത് വെച്ചുപിടിപ്പിക്കും. പാലുത്പാദനത്തില്‍ ഒമ്പത് ലക്ഷം ലിറ്ററിന്റെ അന്തരം ഇപ്പോള്‍ നിലവിലുണ്ട്. ഈ അവസ്ഥ മാറ്റിയെടുത്ത് പാലുത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് ലക്ഷം കറവപ്പശുക്കളെ അധികമായി ഉത്പാദിപ്പിക്കും. പ്രതിവര്‍ഷം 44 ലക്ഷം മെട്രിക് ടണ്‍ തീറ്റപ്പുല്ലും ഉത്പാദിപ്പിക്കും.
കോഴിക്കോട് എലത്തൂരില്‍ പ്രതിദിനം ആയിരം ലിറ്റര്‍ ഉത്പാദനശേഷിയുള്ള നീര പ്ലാന്റ് സ്ഥാപിക്കും. തൊഴില്‍ദാന പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ഒരു ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷിക അനുബന്ധ മേഖലകളില്‍ ബാങ്ക് വായ്പയോടുകൂടി തൊഴില്‍ അവസരം സൃഷ്ടിക്കും. 3825 വിദ്യാലയങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും. കേരളത്തെ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയെ ജൈവ ജില്ലയായി പ്രഖ്യാപിക്കും. ഈ സാമ്പത്തിക വര്‍ഷം നാല് ജില്ലകളില്‍ ജൈവകൃഷി വ്യാപിപ്പിക്കും. 2016 മാര്‍ച്ചോടുകൂടി എല്ലാ ജില്ലകളെയും ജൈവ ജില്ലകളായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കാര്‍ഷിക ഉത്പാദന സംഘങ്ങളും കാര്‍ഷിക മാളുകളും ആരംഭിക്കും. കൃഷിവകുപ്പ് ഫാമുകള്‍ ശാക്തീകരിക്കും. കീടരോഗ നിരീക്ഷണം ശക്തമാക്കും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ മില്‍മ മാതൃകയില്‍ സംഭരണ കേന്ദ്രങ്ങള്‍ രൂപീകരിച്ച് .വിപണിയിലെത്തിക്കാനുമുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. സെയ്ഫ് റ്റു ഈറ്റ് പഴം പച്ചക്കറികള്‍ ഈ വര്‍ഷം അവസാനത്തോടുകൂടി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു.