Connect with us

National

സംസ്ഥാനങ്ങള്‍ക്ക് മുന്തിയ പരിഗണന: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരമേറ്റെടുത്ത് ഒരു ദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ പ്രഥമ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ പുരോഗതി സംസ്ഥാനങ്ങളുടെ വികസനത്തിലൂടെയാണ്. അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തും. അതുകൊണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ അതിന്റെ മുന്‍ഗണനാ ക്രമത്തില്‍ത്തന്നെ പരിഗണിക്കുമെന്ന് മോദി വ്യക്തമാക്കി.
ജനങ്ങളുടെ ആവലാതികളില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടും. ഇതിനായി ക്രിയാത്മകമായി ഇടപെടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മോദി നിര്‍ദേശം നല്‍കി. ജനപ്രതിനിധികള്‍ പാര്‍ലിമെന്റിനകത്തോ വ്യക്തിപരമായോ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളില്‍ നടപടി കൈക്കൊള്ളുന്നതിന്റെ പ്രാധാന്യത്തില്‍ ഊന്നിക്കൊണ്ടായിരുന്നു പ്രധാമന്ത്രിയുടെ പ്രസംഗം. നല്ല ഭരണം കാഴ്ചവെക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതിനായി താനുമായി തുറന്നിടപഴകണമെന്നും പ്രധാനമന്ത്രി മോദി തന്റെ ഒഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Latest