കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി

Posted on: May 29, 2014 5:02 am | Last updated: May 29, 2014 at 12:02 am

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക കടങ്ങളിന്മേലുള്ള ജപ്തിക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം 2015 ഫെബ്രുവരി 15 വരെ നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൊറട്ടോറിയം കാലാവധി കഴിഞ്ഞ ഫെബ്രുവരി 15ന് അവസാനിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ആറ് സര്‍ക്കാര്‍ കോളജുകളിലേക്ക് 78 അധ്യാപക തസ്തികകള്‍ക്ക് ധന വകുപ്പിന്റെ അനുമതിയോടെ അംഗീകാരം നല്‍കി. കൊണ്ടോട്ടി, കൊടുവള്ളി, മങ്കട, ബാലുശ്ശേരി, ചേലക്കര, തൃത്താല തുടങ്ങിയ കോളജുകള്‍ക്കാണ് തസ്തികകള്‍ അനുവദിച്ചത്. തലശ്ശേരി, പയ്യന്നൂര്‍, കാട്ടാക്കട, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ കോളജുകളിലേക്കുള്ള തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കോളജുകള്‍ ഇല്ലാത്ത നിയോജക മണ്ഡലങ്ങളില്‍ പുതിയ കോളജുകള്‍ അനുവദിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് സര്‍ക്കാര്‍ കോളജുകള്‍ ആരംഭിച്ചത്.
എയ്ഡഡ് കോളജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്കായുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷമാക്കി പുനഃസ്ഥാപിച്ചു. മാനേജ്‌മെന്റുകള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കും. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ യോഗം അനുമതി നല്‍കി. തൃശൂര്‍ ജില്ലയിലെ എച്ചിപ്പാറയില്‍ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍, യു പി സ്‌കൂളായി ഉയര്‍ത്തും. എറണാകുളം ഹനുമാന്‍ കോവില്‍ പബ്ലിക് ട്രസ്റ്റിന് 17.5 സെന്റ് സ്ഥലം നിയമവിധേയമായി പതിച്ചുനല്‍കും.
പ്ലസ്ടുവിന് അധിക ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ പുതിയ അപേക്ഷകള്‍ കൂടി പരിഗണിച്ച ശേഷം തീരുമാനമെടുക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കാനുള്ള തീരുമാനപ്രകാരം 134 സ്‌കൂളുകളാണ് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ 110 ലേറെ സ്്കൂളുകളും എറണാകുളത്തിന് തെക്കോട്ടുള്ള ജില്ലകളിലായിരുന്നു. 24 എണ്ണത്തോളമേ വടക്കന്‍ ജില്ലകളിലുള്ളൂ. പുതിയ ബാച്ചുകള്‍ക്കുള്ള അപേക്ഷ ആദ്യം ക്ഷണിച്ചത് എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നിന്നുമാണ്. പുതിയ സ്‌കൂളുകള്‍ അനുവദിക്കാ ന്‍ പറ്റാത്ത സാഹചര്യത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിഗണിച്ച ശേഷം തീരുമാനമെടുക്കും.
എം ജി സര്‍വകലാശാലയില്‍ പുതിയ വി സിയെ നിയമിക്കുന്ന കാര്യത്തില്‍ നിയമവശം പരിശോധിച്ച് ശിപാര്‍ശ നല്‍കും. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥയായ അരുണാ സുന്ദര്‍രാജിനെ മറികടന്ന് ജൂനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന് നിയമനം നല്‍കുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അരുണാ സുന്ദര്‍രാജിന് ബുദ്ധിമുട്ട് വരാത്ത വിധം അധിക തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.