ഇറോം ഷര്‍മിളക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശനാനുമതി നിഷേധിച്ചു

Posted on: May 29, 2014 12:55 am | Last updated: May 29, 2014 at 12:01 am

ന്യൂഡല്‍ഹി: മണിപ്പൂരി സാമൂഹിക പ്രവര്‍ത്തക ഇറോം ഷര്‍മിളക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശനാനുമതി നിഷേധിച്ചു. തിരക്ക് കാരണമാണ് സന്ദര്‍ശനാനുമതി നല്‍കാതിരുന്നതെന്നാണ് നരേന്ദ്ര മോദിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. ജൂലൈയില്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്നും അറിയിച്ചിട്ടുണ്ട്. മണിപ്പൂരില്‍ സായുധ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമത്തിനെതിരെ 13 വര്‍ഷമായി നിരാഹാര സത്യഗ്രഹം നടത്തുന്ന ഇറോം ഷര്‍മിള ഇന്നലെ നരേന്ദ്ര മോദിയെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 2006 ല്‍ ജന്തര്‍മന്ദറില്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് ആത്മഹത്യാശ്രമത്തിന് ഇറോം ഷര്‍മിളക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ വാദങ്ങള്‍ക്കായി പട്യാല ഹൗസ് കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു ഷര്‍മിള. സൈന്യത്തിനു പ്രത്യേകാധികാരം നല്‍കുന്ന നിയമം (എ എഫ് എസ് പി എ) എടുത്തുകളയുന്നതു സംബന്ധിച്ച് മോദിയുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ അറിയിച്ചിരുന്നു.