Connect with us

Ongoing News

മുഖ്യമന്ത്രി രണ്ടിന് മോദിയെ കാണും

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജൂണ്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജൂണ്‍ ഒന്നിന് ഡല്‍ഹിക്ക് പോകുന്ന മുഖ്യമന്ത്രി ഹൈക്കമാന്‍ഡുമായും ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്വാഭാവികമായും കേരളത്തിന്റെ വികസനകാര്യങ്ങളെ കുറിച്ച് പ്രാഥമികമായ ചര്‍ച്ചകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ വിഷയങ്ങളാകും അദ്ദേഹവുമായി ചര്‍ച്ച ചെയ്യുക. വിശദമായി ചര്‍ച്ച പിന്നീടു മാത്രമേ ഉണ്ടാകൂ. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതിഗതികളും ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിജയവും സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളും നേതൃത്വത്തെ അറിയിക്കും. മന്ത്രിസഭയിലെ മാറ്റങ്ങളും ചര്‍ച്ചക്ക് വരും.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തുറക്കുന്നതിനെ അന്ധമായി എതിര്‍ക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ആശയങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ആളല്ല താന്‍. എന്നാല്‍ അത്തരം ഒരു ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും ജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനം ഉണ്ടാകുമെന്നതും പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഡല്‍ഹിയില്‍ പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എല്ലാ സംസ്ഥാനങ്ങളിലെയും സെക്രട്ടേറിയറ്റുകളില്‍ ഓഫീസ് തുറക്കണമെന്നത് പുതിയ പ്രധാനമന്ത്രിയുടെ പുതിയ ആശയമായി കണ്ടാല്‍ മതിയെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്നുമുള്ള ബി ജെ പി നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ സംസ്ഥാന സര്‍ക്കാറിനുള്ളത് വ്യക്തമായ നിലപാടാണ്. അത് മാറിയിട്ടില്ല. തിരഞ്ഞെടുപ്പുവരെ ഒരു നിലപാടും പിന്നീട് മറ്റൊന്നുമല്ല. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ സംരക്ഷണവുമാണ് സര്‍ക്കാറിന് പ്രധാനം. ആറന്മുള വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അനുമതികള്‍ നേരത്തെ തന്നെ ലഭിച്ചതാണ്. ഇതിന് വ്യത്യസ്തമായ സമീപനം പുതിയ കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടായാല്‍ അപ്പോള്‍ പരിശോധിക്കാം. സംസ്ഥാനത്തെ കഴിഞ്ഞ സര്‍ക്കാറാണ് ആറന്മുള വിമാനത്താവളം പദ്ധതിക്കുള്ള എല്ലാ അനുമതികളും നല്‍കിയത്. അതില്‍ ചില കാര്യങ്ങള്‍ തിരുത്തേണ്ടതുണ്ട്. മൂന്ന് വര്‍ഷമായിട്ടും അതിന് സാധിച്ചിട്ടില്ല. ഒരു പ്രദേശം മുഴുവന്‍ നോട്ടിഫൈ ചെയ്തിരിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് നിയമത്തില്‍ ഈ സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ മാത്രം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.