സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നതിന് കര്‍ശന നിരോധനം

Posted on: May 28, 2014 7:08 pm | Last updated: May 28, 2014 at 7:08 pm

marriageതിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം അവരുടെ വകുപ്പ് തലവന് നല്‍കണമെന്ന് ഉദ്യോഗസഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ സത്യവാങ്മൂലത്തില്‍ ഭാര്യയും പിതാവും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത് നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസബുക്ക് പേജില്‍ വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് റീജിയണല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ സ്വതന്ത്രചുമതല നല്‍കി നിയമിച്ചിട്ടുണ്ട്. സാമൂഹ്യനീതി ഡയറക്ടറാണ് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍. സ്ത്രീധനം സംബന്ധിച്ചുള്ള പരാതികള്‍ സ്വന്തമായോ, രക്ഷകര്‍ത്താക്കള്‍ അല്ലെങ്കില്‍ ബന്ധുക്കള്‍ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സംഘടന/സ്ഥാപനം വഴിയോ നല്‍കാവുന്നതാണ്. ആര്‍.ഡി.പി.ഒ. ഒരു മാസത്തിനുള്ളില്‍ പരാതി അന്വേഷിച്ച് കണ്ടെത്തലുകള്‍ രേഖപ്പെടുത്തുന്നതായിരിക്കും. ഇവ തടയുക, പരിഹരിക്കുക എന്നതായിരിക്കും ആര്‍.ഡി.പി.ഒവിന്റെ പ്രാഥമിക സമീപനം. നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്തവര്‍ക്കെതിരെ മാത്രമേ ശിക്ഷാനടപടി ഉണ്ടാകൂവെന്നും മുഖ്യമന്ത്രി അറിയിപ്പില്‍ വ്യക്തമാക്കുന്നു.