സിറാജ് തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ ആറാം ക്ലാസുകാരന്‍ ജേതാവായി

Posted on: May 28, 2014 6:11 pm | Last updated: May 29, 2014 at 12:34 am

winners

കോഴിക്കോട്: സിറാജ് ദിനപത്രവും സിറാജ്‌ലൈവ് ഡോട്ട് കോമും സംയുക്തമായി സംഘടിപ്പിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ വിജയിയായത് ആറാം ക്ലാസുകാരന്‍. മലപ്പുറം ജില്ലയിലെ പേങ്ങാട്ടുകുണ്ട് എം ഐ എസ് എം യു പി സ്‌കൂള്‍ വിദ്യാര്‍ഥിയായ കെ മുഹമ്മദ് ഫാസിലാണ് 20 മണ്ഡലങ്ങളിലെയും ഫലം കൃത്യമായി പ്രവചിച്ചത്. പത്രത്തിലും ഓണ്‍ലൈനിലുമായി പന്ത്രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഫാസില്‍ മാത്രമാണ് ഫലം കൃത്യമായി പ്രവചിച്ചത്.

19 മണ്ഡലങ്ങളിലെ ഫലം പ്രവചിച്ച് കണ്ണൂര്‍ ജില്ലക്കാരായ നങ്ങാരത്ത് കോലുവള്ളി മുത്തലിബ് അമാനിയും തളിപ്പറമ്പ് കരിമ്പം ബൈത്തുന്നൂരില്‍ എന്‍ കെ ഫാത്തിമയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 19 പേരെ നിരവധി പേര്‍ കൃത്യമായി പ്രവചിച്ചിരുന്നു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുത്തത്.

സിറാജ് ദിനപത്രത്തിലെ വാര്‍ത്തകള്‍ കൃത്യമായി നിരീക്ഷിച്ചതിലൂടെയാണ് വിജയികളെ കണ്ടെത്താനായതെന്ന് ഒന്നാം സ്ഥാനം നേടിയ ഫാസില്‍ പറഞ്ഞു. ഇതിന് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സഹായവും ഫാസിലിന് ലഭിച്ചു. ഫാസിലിന്റെ പിതാവ് മുഹമ്മദ് കുട്ടി കൂലിപ്പണിക്കാരനാണ്. മാതാവ് ജമീല. സഹോദരങ്ങള്‍: നാസര്‍(റിയാദ്), മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ശിഹാബ്, ഷംസുദ്ദീന്‍, മുഹമ്മദ് ഉനൈസ്, തഷ്‌രീഫ, തസ്‌ലീന.

രണ്ടാം സ്ഥാനം നേടിയ മുത്തലിബ് അമാനി മാട്ടൂലിനെ നശാത്തുല്‍ ഇസ്ലാം സുന്നി മദ്‌റസ, സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനാണ്. പിതാവ്: എ ജി അഹമ്മദ്. മാതാവ്: ഹാജറ. ഭാര്യ: സറീന. മക്കള്‍: മുഹമ്മദ്, സഈദ് അഹമ്മദ്.

മൂന്നാം സ്ഥാനക്കാരിയായ ഫാത്തിമ തളിപ്പറമ്പ് യത്തിംഖാന സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മദ്‌റസ അധ്യപകനായ സുബൈര്‍ മൗലവിയുടെയും സൈനബയുടെയും മകളാണ്. സഹോദരങ്ങള്‍: സുഹൈല. മുഹമ്മദ് സിനാന്‍, സുഹൈമ.

കോഴിക്കോട് കണ്ണങ്കണ്ടി സെയില്‍സ് കോര്‍പ്പറേഷന്‍ നല്‍കുന്ന എല്‍ ഇ ഡി ടെലിവിഷനുകളാണ് ജേതാക്കള്‍ക്കുള്ള സമ്മാനം. ഈ മാസം അവസാനം കോഴിക്കോട്ട് നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും. വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.