അരവിന്ദ് കെജരിവാള്‍ ജയില്‍ മോചിതനായി

Posted on: May 28, 2014 12:18 pm | Last updated: May 30, 2014 at 12:51 am

aravind kejriwallന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ജാമ്യത്തുക കെട്ടിവെക്കാത്തതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന എ എ പി നേതാവ് അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പതിനായിരം രൂപക്ക് തുല്യമായ സ്വന്തം ജാമ്യം നല്‍കാന്‍ കെജരിവാള്‍ സമ്മതിച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ ജയില്‍ മോചിതനാക്കാന്‍ മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

കെജരിവാളിന്റെ ഹരജി പരിഗണിച്ച ഹൈക്കോടതി ബഞ്ചാണ് സ്വന്തം ജാമ്യത്തില്‍ മോചനത്തിനു ശ്രമിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകരോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് അഭിഭാഷകരായ ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും തിഹാര്‍ ജയിലിലെത്തി കെജരിവാളിനോട് വിഷയം ചര്‍ച്ച ചെയ്തു. കെജരിവാള്‍ ഹൈക്കോടതി നിര്‍ദേശം കേള്‍ക്കാന്‍ സന്നദ്ധനായതോടെയാണ് ജാമ്യം സാധ്യമായത്.

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടകേസിലാണ് കെജരിവാള്‍ നിയമനടപടി നേരിട്ടത്.