സിറിയയില്‍ രാസായുധ പരിശോധനാ സംഘത്തിന് നേരെ ആക്രമണം

Posted on: May 28, 2014 12:39 am | Last updated: May 28, 2014 at 12:39 am

ദമസ്‌കസ്: സിറിയയില്‍ ക്ലോറിന്‍ വാതക ആക്രമണം നടന്നുവെന്ന് ആരോപിക്കുന്ന ഗ്രാമത്തില്‍ പരിശോധനക്കായി പുറപ്പെട്ട യു എന്‍ രാസായുധ പരിശോധക സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ എല്ലാവരും സുരക്ഷിതരാണെന്നും സംഘം അവരുടെ ക്യാമ്പിലേക്ക് മടങ്ങിയെന്നും രാസായുധ നിരോധ സംഘടനയായ ഒ പി സി ഡബ്ല്യു പറഞ്ഞു. ഹമാ പ്രവിശ്യയില്‍ നിന്ന് യു എന്‍ സംഘത്തെ തട്ടിക്കൊണ്ടുപോയെന്ന് സിറിയന്‍ സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
സിറിയയില്‍ വാതക ആക്രമണം നടന്നുവെന്ന ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പരിശോധനക്കെത്തിയ തങ്ങളുടെ സംഘത്തിന്റെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും സിറിയയില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ട പാര്‍ട്ടികള്‍ ഇവരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഒ പി സി ഡബ്ല്യു ഡയറക്ടര്‍ ജനറല്‍ അഹ്മദ് ഉസുംകു പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ ആറ് ക്ലോറിന്‍ വാതക ആക്രമണം നടന്നുവെന്ന് ആരോപിക്കുന്ന വിമതര്‍ പിടിച്ചെടുത്ത കഫര്‍ സയിത്ത ഗ്രാമത്തിലേക്ക് പോകവെയാണ് പരിശോധകര്‍ക്ക് നേരെ ആക്രമണം നടന്നത്. ഇവിടെ നടന്ന വാതക ആക്രമണത്തെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട രണ്ട് സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ വീഡോയോ ദൃശ്യങ്ങള്‍ എന്ന് കരുതുന്നവ നേരത്തെ പുറത്തായിരുന്നു.
ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ച രണ്ട് തവണ വാതക ആക്രമണം നടന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ആറ് പരിശോധകരെയും അവരുടെ അഞ്ച് ഡ്രൈവര്‍മാരെയും തട്ടിക്കൊണ്ടുപോയെന്നാണ് നേരത്തെ സിറിയന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്ത പുറത്തുവിട്ടത്. പരിശോധകരുടെ വാഹനവ്യൂഹത്തിന് നേരെ ബോംബാക്രമണം നടത്തിയ തീവ്രവാദികള്‍ രണ്ട് പേരെ തട്ടിക്കൊണ്ടുപോയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന്‍ആ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമത്തിലെ പരിശോധനക്കായി സര്‍ക്കാറും വിമത പോരാളികളും ഒരു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു.