അപൂര്‍വത ബാക്കിവെച്ച് ഹോപും ഫെയ്ത്തും യാത്രയായി

Posted on: May 28, 2014 12:37 am | Last updated: May 28, 2014 at 12:37 am

faith and hopeസിഡ്‌നി: വൈദ്യശാസ്ത്രത്തിന് വിസ്മയമായി ആസ്‌ത്രേലിയയില്‍ ജനിച്ച ഇരട്ടക്കുട്ടികള്‍ ലോകത്തോട് വിടപറഞ്ഞു. ഇരു മുഖവും ഒട്ടിച്ചേര്‍ന്ന ശരീരവുമുള്ള ഹോപ് (പ്രതീക്ഷ), ഫെയ്ത്ത്(വിശ്വാസം) എന്നീ പെണ്‍കുട്ടികളാണ് മരിച്ചത്. ഒരു ചാനലാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ഇരുമുഖമുള്ള കുട്ടികള്‍ക്ക് രണ്ട് തലച്ചോറുണ്ട്. മറ്റ് അവയവങ്ങളെല്ലാം ഇരുവരും പങ്ക് വെക്കുന്ന രീതിയിലായിരുന്നു.
ആസ്‌ത്രേലിയയില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയ ഇരട്ടക്കുട്ടികളുടെ ജനനം ഈ മാസം എട്ടിനായിരുന്നു. ചുരുങ്ങിയ ദിവസമാണെങ്കിലും കുട്ടികളെ വാത്സല്യപൂര്‍വം പരിചരിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് മാതാവ് റിനിയും പിതാവ് സൈമണ്‍ ഹോവിയും പറഞ്ഞു. അവരുടെ പുഞ്ചിരിയും കരച്ചിലും തങ്ങള്‍ക്ക് വല്ലാത്ത അനുഭവമാണ്. ചിലപ്പോള്‍ ഫെയ്ത്ത് കരയും അപ്പോള്‍ ഹോപ് കണ്ണ് തുറക്കും- റിനി പറഞ്ഞു. ലോകത്തു തന്നെ അത്യപൂര്‍വമാണ് ഇത്തരത്തില്‍ ഇരട്ടകള്‍ പിറക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ലോകചരിത്രത്തില്‍ ഇത്തരത്തില്‍ നാല്‍പ്പത് കുട്ടികള്‍ മാത്രമേ പിറന്നിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. റിനിയുടെ എട്ടാമത്തെ പ്രസവത്തിലാണ് ‘അത്ഭുത കുട്ടികള്‍’ പിറന്നത്. ലോകത്ത് അത്ഭുതമായി ഫെയ്ത്തും ഹോപും പിറന്നുവെന്ന വാര്‍ത്ത അറിഞ്ഞ ഉടനെ ആസ്‌ത്രേലിയയിലെ ആശുപത്രിയിലും വീട്ടിലും സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. മരണ വാര്‍ത്ത പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയകളില്‍ അനുശോചന സന്ദേശങ്ങളും നിറഞ്ഞു.