സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ധാരണ

Posted on: May 28, 2014 12:33 am | Last updated: May 28, 2014 at 12:33 am

തിരുവനന്തപുരം: ാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ധാരണ. മാനേജ്‌മെന്റ് സീറ്റില്‍ പത്ത് മുതല്‍ ഇരുപത് വരെ ശതമാനം ഫീസ് വര്‍ധിപ്പിക്കാനാണ് ഏകദേശ ധാരണയായത്. മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചുള്ള ധാരണയായത്.
അമ്പത് ശതമാനം സര്‍ക്കാര്‍ സീറ്റില്‍ ഉള്‍പ്പെടെ ഫീസ് വര്‍ധിപ്പിച്ചേക്കും. എന്നാല്‍, ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. മെറിറ്റ് സീറ്റില്‍ പത്ത് ശതമാനം വര്‍ധിപ്പിക്കും. അമ്പത് ശതമാനം സര്‍ക്കാര്‍ സീറ്റിലെ മുപ്പത് ശതമാനത്തില്‍ 1,80,000 രൂപയാണ് ഫീസ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇരുപത് ശതമാനം സീറ്റില്‍ 25,000 രൂപയാണ് ഫീസ്.
നിലവില്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രത്യേക പരീക്ഷ നടത്തിയിട്ടില്ല. ഇങ്ങനെ നടത്തുന്ന പരീക്ഷയില്‍ നിന്നാണ് ഈ സീറ്റുകളിലേക്ക് പ്രവേശനം നടത്തേണ്ടത്. പ്രത്യേക പരീക്ഷയില്ലെങ്കില്‍ ധാരണയില്‍ നിന്ന് പിന്നാക്കം പോകുമെന്ന സൂചനയാണ് മാനേജ്‌മെന്റുകള്‍ നല്‍കിയിട്ടുള്ളത്.
പ്രത്യേക പരീക്ഷ ഈ മാസം 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയാണ് സംസ്ഥാനത്ത് ഈ പരീക്ഷക്ക് മേല്‍നോട്ടം വഹിക്കേണ്ടത്.