മോദി സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും: രമേശ് ചെന്നിത്തല

Posted on: May 28, 2014 12:30 am | Last updated: May 28, 2014 at 12:30 am

പയ്യന്നൂര്‍: പുതുതായി അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി അധ്വാനിച്ച് ജീവിക്കുന്ന കര്‍ഷകരെ ദുരിതത്തിലാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രത്തെ ബോധ്യപ്പെടുത്തും. കേന്ദ്രവുമായി സംസ്ഥാനം ബന്ധം മെച്ചപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരക്കുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത്. ഉടന്‍ ഡല്‍ഹിയിലെത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും. ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ബ്ലേഡുകാരെ കണ്ടെത്തുന്നതിലും വട്ടി പലിശക്കാരെ നേരിടുന്നതിലും വിട്ടുവീഴ്ചയില്ല. ബ്ലേഡുകാര്‍ക്കെതിരെയും അനധികൃത പണമിടപാടുകാര്‍ക്കെതിരെയും നടത്തുന്ന അന്വേഷണം കക്ഷിരാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും ചെന്നിത്തല ചോദ്യത്തിന് മറുപടിയായി പറഞ്ഞു.