റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പദവിയിലേക്ക്

Posted on: May 28, 2014 12:25 am | Last updated: May 28, 2014 at 12:25 am

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ മികച്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പദവിയിലേക്ക്. റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിനെ സ്‌റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 120 കോടി രൂപ അനുവദിച്ചു. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക ദേശീയ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കേന്ദ്ര സഹായം. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
ഏറെക്കാലമായി തുടരുന്ന സമ്മര്‍ദത്തിനൊടുവിലാണ് തിരുവനന്തപുരം ആര്‍ സി സിക്ക് കേന്ദ്ര സഹായം ലഭിക്കുന്നത്. ആര്‍ സി സിയിലേക്ക് ആവശ്യമുളള ഉപകരണങ്ങള്‍ വാങ്ങുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കുക. റേഡിയോതെറാപ്പി, റേഡിയോളജി, പാത്തോളജി, മൈക്രോബയോളജി, മജ്ജ മാറ്റിവെക്കല്‍ വിഭാഗം, ഓപ്പറേഷന്‍ തിയേറ്ററുകള്‍, രക്ത ബേങ്ക് എന്നിവിടങ്ങളിലേക്കായി 84.15 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങും. ഇരുപത്തിയഞ്ച് ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ഇന്ത്യയിലെ ആദ്യത്തെ ക്യാന്‍സര്‍ ഹോസ്പിറ്റല്‍ ആകാനൊരുങ്ങുകയാണ് ആര്‍ സി സി. എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ ലഭിക്കാന്‍ 600 ഓളം മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആര്‍ സി സിയില്‍ ഓരോ വര്‍ഷവും പതിനയ്യായിരത്തില്‍പ്പരം പുതിയ രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവരില്‍ 45 ശതമാനം പേര്‍ക്ക് ഇതുവരെ സൗജന്യ ചികിത്സ നല്‍കാനായെന്നതും ശ്രദ്ധേയമാണ്. ഓരോ വര്‍ഷവും 12 കോടി രൂപ ദാരിദ്ര്യ രേഖക്കു താഴെയുള്ള രോഗികളുടെ ചികിത്സക്കായി ചെലവഴിക്കുന്നു.
ആര്‍ സി സിയെ സ്‌റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാക്കി മാറ്റുന്ന പദ്ധതിക്കരാറില്‍ ഉടന്‍ ഒപ്പ് വെക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും ആര്‍ സി സിയുടെയും തീരുമാനം. ഇതിനുളള നടപടിയുമായി മുന്നോട്ടു പോകുകയാണെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഇതോടെ, ആര്‍ സി സിയിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അതുവഴി ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാനും കഴിയുമെന്ന നിഗമനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.