62 പേരെ കൂടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറും

Posted on: May 28, 2014 12:23 am | Last updated: May 28, 2014 at 12:23 am

പാലക്കാട്: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ കേരളത്തിലെത്തിച്ച കുട്ടികളില്‍ 62 പേരെ കൂടി കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറും.
പാലക്കാട് സി ഡബ്ല്യു സി ചെയര്‍മാന്‍ ഫാ. ഡോ. ജോസ് പോളിന്റെ നേതൃത്വത്തില്‍ ഇന്നലെ പാലക്കാട്ട് നടത്തിയ സിറ്റിംഗിലാണ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ച പാലക്കാട്ടെത്തിയ 455 കുട്ടികളില്‍ 156 പേരെ പിറ്റേന്ന് കോഴിക്കോട് സി ഡബ്ല്യു സിക്ക് കൈമാറിയിരുന്നു.
മുക്കത്തെ മുസ്‌ലിം ഓര്‍ഫനേജില്‍ പഠിക്കുന്നവരാണെന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ പിറ്റേന്നു തന്നെ കൈമാറിയത്. ശേഷിക്കുന്ന പെണ്‍കുട്ടികളെ മലമ്പുഴ പ്രൊവിഡന്‍സ് ഹോമിലും ആണ്‍കുട്ടികളെ പേഴുംകരയിലെ പാലക്കാട് ഓര്‍ഫനേജിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഇന്നലെ ഇവിടെ രണ്ടിടത്തുമായി നടത്തിയ സിറ്റിംഗിലാണ് 44 ആണ്‍കുട്ടികളെയും 18 പെണ്‍കുട്ടികളെയും കോഴിക്കോട് സി ഡബ്ല്യു സിക്ക് കൈമാറാനുള്ള തീരുമാനം. മുക്കത്ത് ഇവരും പഠിക്കുന്നുണ്ടെന്നത് സംബന്ധിച്ച് സമിതിക്ക് ബോധ്യം വന്നതിനെ തുടര്‍ന്നാണ് നടപടി. ഇതില്‍ പെണ്‍കുട്ടികളോടൊപ്പമുള്ള കൊച്ചു സഹോദരങ്ങളെയും കൈമാറുമെന്ന് ഡോ. ജോസ് പോള്‍ പറഞ്ഞു.
കുട്ടികളില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് സമിതി തീരുമാനത്തിലെത്തിയത്.
അതിനിടെ ഇന്നലെ പാലക്കാട് സി ഡബ്ല്യു സി മുമ്പാകെ മുക്കത്തെ ഓര്‍ഫനേജ് അധികൃതര്‍ ഹാജരായിരുന്നു. ഇവര്‍ കുട്ടികളെ ഏറ്റെടുക്കുന്നതിനായി ചില രേഖകള്‍ ഹാജരാക്കിയെങ്കിലും കമ്മിറ്റിക്ക് ബോധ്യം വന്നില്ല.
മുക്കത്തേക്കുള്ള അപേക്ഷാ ഫോം, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവരുടെ കത്ത് എന്നിവയാണ് ഹാജരാക്കിയിരുന്നത്. എന്നാല്‍, ഇതില്‍ പലതിനും തീയതിയോ റൗണ്ട് സീലോ ഉണ്ടായിരുന്നില്ലെന്ന് ജോസ് പോള്‍ പറഞ്ഞു.
ഭൂരിഭാഗം അപേക്ഷകളിലും ഒരേ കൈയക്ഷരവുമായിരുന്നു. പല കുട്ടികളുടെയും ജനന തീയതിയും രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഇവ ബോധ്യം വന്നിട്ടില്ലെന്നാണ് സി ഡബ്ല്യു സി അറിയിച്ചത്.