ലാബ് തുടങ്ങാന്‍ കുത്തകകളുടെ അനുമതി; പ്രമേഹപരിശോധനക്ക് പത്തിരട്ടി തുക

Posted on: May 28, 2014 12:23 am | Last updated: May 28, 2014 at 12:23 am

കോഴിക്കോട്: പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരുന്ന നാട്ടില്‍ ഇനി പ്രമേഹപരിശോധനക്ക് ചെലവേറും. കേരളത്തില്‍ പ്രമേഹരോഗ നിര്‍ണയത്തിനായി ശരാശരി 30 രൂപയാണ് മെഡിക്കല്‍ ലബോറട്ടറികള്‍ ഈടാക്കുന്നത്. എന്നാല്‍ ഇനിയത് ഇരുനൂറ് രൂപക്കും അറിയാനാകുമോ എന്ന് കണ്ടറിയണം.

മെഡിക്കല്‍ ലബോറട്ടറികളില്‍ ടെക്‌നീഷ്യന്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്ന റിപ്പോര്‍ട്ട് രോഗിക്ക് കൈമാറണമെങ്കില്‍ ഡോക്ടര്‍ ഒപ്പ് വെക്കണമെന്ന പുതിയ ബില്ലിലെ വ്യവസ്ഥയാണ് ഇതിന് കാരണം. മിനിമം ഒരു ഡോക്ടര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം മാസശമ്പളമായി നല്‍കണം. ഇത്രയും വലിയ തുക നല്‍കി ഡോക്ടറെയും നിയമിച്ച് ലാബുകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പരിശോധനകള്‍ക്കുള്ള ഫീസ് കുത്തനെ കൂട്ടേണ്ടി വരും. ഇത് സാധാരണക്കാരായ രോഗികളെയാണ് വലക്കുന്നത്. ആരോഗ്യ മന്ത്രി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലാണ് ദുരൂഹമായ നിര്‍ദേശങ്ങളും കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുന്ന വ്യവസ്ഥകളുമുള്ളത്.
എന്‍ എ ബി എല്‍ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെയോ കേരള സര്‍ക്കാറിന്റെയോ നിയന്ത്രണത്തിലുള്ള സംവിധാനമല്ല എന്‍ എ ബി എല്‍. ഇത് ഒരു കേന്ദ്ര ഏജന്‍സി മാത്രമാണ്. കോര്‍പറേറ്റ് കുത്തകകള്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരുന്നതിന് വഴിയൊരുക്കുന്നതാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കുത്തകകളെ സഹായിക്കുന്നതായി സാധാരണക്കാരുള്‍പ്പെടെ കുറഞ്ഞ ചെലവില്‍ പരിശോധനകള്‍ക്കായി ആശ്രയിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിച്ച് വന്‍കിടക്കാര്‍ക്ക് അവസരമൊരുക്കി കൊടുക്കുകയെന്ന ഗുഢാലോചനയാണ് ബില്ലിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് ഈ രംഗത്തെ സംഘടനകള്‍ ആരോപിക്കുന്നത്. റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിടക്കാരും ചില പണമിടപാട് സ്ഥാപനങ്ങളും ഇപ്പോള്‍ തന്നെ ഈ രംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
നേരത്തെ പാരാമെഡിക്കല്‍ സ്ഥാപനങ്ങളെയും ടെക്‌നീഷ്യന്‍മാരെയും നിയന്ത്രിക്കുന്നതിനും അവര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുമായി തയ്യാറാക്കിയ പാരാമെഡിക്കല്‍ കൗണ്‍സില്‍ ബില്‍ അട്ടിമറിച്ചാണ് പുതിയ ബില്ലിന് രൂപം നല്‍കിയിട്ടുള്ളത്. നിലവിലുള്ള പൊതുജനാരോഗ്യ സമ്പ്രദായം തകര്‍ക്കുന്നതും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ അപ്രാപ്യമാക്കുന്നതുമാണ് പുതിയ നയമെന്ന് കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബാബു പറഞ്ഞു. ബില്ലിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഈ രംഗത്തെ മറ്റു സംഘടനകളെ കൂട്ടിയോജിപ്പിച്ച് ബില്ലിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.