പോലീസുകാരുടെ നടപടി നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മീഷന്‍

Posted on: May 28, 2014 12:22 am | Last updated: May 28, 2014 at 12:22 am

തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ എഴുതിയുണ്ടാക്കുന്ന കരാറിനും സമ്മതപത്രത്തിനും യാതൊരു വിലയുമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം ഒപ്പിട്ടുകൊടുക്കുന്ന രേഖകള്‍ സ്വമേധയാ ഒരാള്‍ എഴുതിയതാണെന്ന് പറയാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ബ്ലേഡ് പലിശക്ക് കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാനാകാതെ ആത്മഹത്യ ചെയ്ത പാലക്കാട് കൊടുന്തിരപ്പള്ളി ഉമാ നഗറില്‍ ജഗദീഷ് കുമാറിന്റെ ഭാര്യ സുരേഖ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ശെല്‍വന്‍ എന്നയാളില്‍ നിന്ന് മൂന്നരലക്ഷം രൂപ കടം വാങ്ങിയ തന്റെ ഭര്‍ത്താവിനോട് പലിശയും പിഴപ്പലിശയും ചേര്‍ത്ത് 15 ലക്ഷം തിരികെ നല്‍കണമെന്ന പോലീസ് നിര്‍ദേശം പാലിക്കാനാകാതെ വന്നപ്പോള്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലെ സി ഐയും, എ എസ് ഐയും ചേര്‍ന്ന് 15 ലക്ഷം രൂപ മൂന്ന് ദിവസത്തിനകം ശെല്‍വന് നല്‍കാമെന്ന് ജഗദീഷിനെക്കൊണ്ട് എഴുതി ഒപ്പിടുവിച്ചതായി പരാതിയില്‍ പറയുന്നു. ബ്ലേഡ് പലിശക്കാരന്‍ ശെല്‍വന്റെയും സഹായികളായ ഗുണ്ടകളുടെയും സാന്നിധ്യത്തിലാണ് പോലീസ് ഭര്‍ത്താവിനെ കൊണ്ട് രേഖയില്‍ ഒപ്പിടുവിച്ചതെന്നും പരാതിയിലുണ്ട്.
പോലീസില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ജഗദീഷ്‌കുമാര്‍, ശെല്‍വനില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിയെന്നും വീടും സ്ഥലവും രജിസ്റ്റര്‍ ചെയ്ത് നല്‍കാത്തതു കാരണം തങ്ങള്‍ ഇടപെട്ട് എഴുതി വെപ്പിച്ചതായി കമ്മീഷനില്‍ പോലീസ് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡി ഐ ജി എസ് ശ്രീജിത്ത് സംഭവത്തെ കുറിച്ച് അനേ്വഷണം നടത്തിയിരുന്നു.
ശെല്‍വനും ജഗദീഷും തമ്മിലുള്ള തര്‍ക്കം സിവില്‍ സ്വഭാവത്തിലുള്ളതിനാല്‍ പോലീസ് ഇടപെടാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ നിരീക്ഷിച്ചു. പാലക്കാട് ടൗണ്‍ നോര്‍ത്ത് എ എസ് ഐ രാജഗോപാലിന്റെയും സി ഐ. കെ എം ബിജുവിന്റെയും നടപടി നിയമവിരുദ്ധമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇവര്‍ ഏല്‍പ്പിച്ച മാനസികാഘാതമാണ് ജഗദീഷിന്റെ ആത്മഹത്യക്ക് കാരണമായതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ജഗദീഷിന്റെ മരണശേഷം ശെല്‍വന്‍ ജഗദീഷിന്റെ ഭാര്യ സുരേഖയെ തുകക്ക് വേണ്ടി സമീപിച്ചിരുന്നു.
ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ഡി വൈ എസ് പിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അനേ്വഷിപ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. പോലീസുദേ്യാഗസ്ഥരായ രാജഗോപാലിന്റെയും ബിജുവിന്റെയും പേരില്‍ വകുപ്പുതല അനേ്വഷണം നടത്തി നടപടിയെടുക്കണം.
പരാതിക്കാരിയും സെല്‍വനും തമ്മിലുള്ള വസ്തു ഇടപാടില്‍ പോലീസുദ്യോഗസ്ഥരായ രാജഗോപാലും ബിജുവും ഇടപെടരുതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.