Connect with us

Kannur

വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്കും

Published

|

Last Updated

കണ്ണൂര്‍: വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നഗരപ്രദേശങ്ങളില്‍ നടപ്പാക്കിയ കേരള സാമൂഹിക സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളും ആലോചനകളും നടന്നു കഴിഞ്ഞു.

അഞ്ച് കോര്‍പറേഷനുകളിലും 30 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കിയത്. ബാക്കി മുപ്പത് നഗരസഭകളില്‍ക്കൂടി നടപ്പാക്കുന്നതോടെ ഗ്രാമ പഞ്ചായത്തുതലങ്ങളിലും വയോമിത്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമങ്ങളിലും പദ്ധതി ആരംഭിക്കണമെന്നത് വയോജന സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണ്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇത് 60 വയസ്സായി കുറക്കാനും ഉദ്ദേശ്യമുണ്ട്..
നഗരപ്രദേശങ്ങളിലെ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മൊബൈല്‍ ക്ലിനിക്കും വൈദ്യ സഹായവും ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. കിടപ്പുരോഗികളുടെ വീടുകളില്‍ പോയി പാലിയേറ്റീവ് ഹോം കെയറും നല്‍കുന്നുണ്ട്. വയോജനങ്ങളെ ആശുപത്രികളില്‍ കൊണ്ടുപോകുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും സൗജന്യ ആംബുലന്‍സ് സേവനവും പദ്ധതിയിലൂടെ വയോജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
ഇപ്പോള്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ വയോജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായാണ് കണക്ക്. മാസത്തില്‍ രണ്ട് തവണയാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭിക്കുക. നഗരപ്രദേശത്തെ രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്ക് ഒരു ക്ലിനിക്ക് എന്ന രീതിയിലാണ് സൗകര്യം ഏര്‍പ്പെടുത്തുന്നത്.
ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നഴ്‌സ്, ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സേവനമാണ് ക്ലിനിക്കില്‍ ലഭിക്കുക. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനയും മരുന്നും ഇന്‍സുലിനും സൗജന്യമായി ലഭിക്കും. പതിനഞ്ചില്‍ താഴെ മാത്രം വയോജനങ്ങള്‍ എത്തുന്ന മൊബൈല്‍ ക്ലിനിക്കുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. മൊബൈല്‍ ക്ലിനിക്കുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭിക്കാത്തത് പദ്ധതിക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും ഡോക്ടര്‍മാരെ ലഭിക്കാത്ത പ്രശ്‌നമുള്ളത്. പ്രധാന നഗരങ്ങളില്‍ ഈ പ്രയാസമില്ല.
പദ്ധതിയില്‍ ആദ്യം വയോജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. സാമ്പത്തിക മാനദണ്ഡം വയോമിത്രം പദ്ധതിയില്‍ ചേരുന്നതിന് തടസ്സമല്ല. നഗരസഭാ കൗണ്‍സിലര്‍മാരുടെ കൂടി സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. നഗരസഭാ, കോര്‍പറേഷന്‍ ഓഫീസുകള്‍ക്ക് സമീപം തന്നെയാണ് വയോമിത്രം ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്. വയോമിത്രത്തിന് പുറമെ കേരള സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന ആശ്വാസകിരണം, ക്യാന്‍സര്‍ സുരക്ഷ, താലോലം, ശ്രുതി തരംഗം, സ്‌നേഹപൂര്‍വം, സ്‌നേഹസ്പര്‍ശം, സ്‌നേഹസാന്ത്വനം, സമാശ്വാസം തുടങ്ങിയ പദ്ധതികളുടെയും കേന്ദ്രമായി വയോമിത്രം ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്കാവശ്യമായ ഫോറങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും.
പദ്ധതിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. വയോജനങ്ങളെ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെടുത്തി മുഖാമുഖം പരിപാടി, വ്യായാമ പരിശീലനം, സ്വത്ത് സംരക്ഷിക്കുന്നതിനുള്ള സഹായ നടപടികള്‍, മാനസികോല്ലാസം, മറ്റ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് പുതുതായി ആലോചിക്കുന്നത്.

---- facebook comment plugin here -----

Latest