ആംവെ ഇന്ത്യ സി ഇ ഒ അറസ്റ്റില്‍

Posted on: May 28, 2014 12:20 am | Last updated: May 28, 2014 at 12:20 am

ഹൈദരാബാദ്: ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ എം ഡിയും സി ഇ ഒയുമായ വില്യം സ്‌കോട് പിക്‌നിയെ പോലീസ് അറസ്റ്റ് ചെയ്തു. ‘അനാവശ്യവും’ ‘ബാലിശവു’മായ നടപടിയാണിതെന്ന് ആംവെ ഇന്ത്യ ഒരു പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഫയല്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടി ഉണ്ടായതെന്ന് അധികൃതര്‍ പറയുമ്പോള്‍, ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു മുന്‍കൂര്‍ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.
‘എഫ് ഐ ആറില്‍ പറയുന്ന ആരോപണങ്ങള്‍ ബാലിശമാണ്. ഞങ്ങളുടെ ബിസിനസില്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. 1998 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്ന ഡയറക്ട് സെല്ലിംഗ് സംഘടനയാണ് ആംവെ’ -കമ്പനിയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.
സമാന സാഹചര്യത്തില്‍ പിക്‌നിയേയും രണ്ട് ഡയറക്ടര്‍മാരേയും കഴിഞ്ഞ വര്‍ഷം കേരള പോലീസ് അറസ്റ്റ് ചെയിതിരുന്നു.
പ്രൈസ് ചിട്ട്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (നിരോധം)നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ആന്ധ്ര പോലീസ് തിങ്കളാഴ്ച ഗുഡ്ഗാവില്‍ വെച്ച് പിക്‌നിയെ അറസ്റ്റ് ചെയ്തത്. വാറണ്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ കുര്‍ണൂലില്‍ കൊണ്ടുവന്നുവെന്ന് കുര്‍ണൂല്‍ എസ് പി രഘുരാമി റെഡ്ഢി അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ നിയമങ്ങള്‍ക്കും മാര്‍ഗരേഖകള്‍ക്കും വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.
ഉത്പന്ന നിര്‍മാണ സൗകര്യം ഒരുക്കാനായി കമ്പനി ഇന്ത്യയില്‍ 100 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ചൈന, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലടക്കം ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ആംവെയെന്നും കമ്പനി അവകാശപ്പെട്ടു.