വിജയിച്ചാല്‍ മാതൃക; പാളിയാല്‍ വന്‍ പതനം

Posted on: May 28, 2014 12:15 am | Last updated: May 28, 2014 at 12:15 am

ന്യൂഡല്‍ഹി: മന്ത്രിസഭയുടെ വലിപ്പം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലയനങ്ങള്‍ സംബന്ധിച്ചാണ് മന്ത്രിസഭാ രൂപവത്കരണത്തിന് ശേഷം നടക്കുന്ന ചൂടേറിയ ചര്‍ച്ച. കൂടുതല്‍ കാര്യക്ഷമതയും ഏകോപനവും ലക്ഷ്യമിട്ട് നടത്തിയ നീക്കം പാളിയാല്‍ വന്‍ പതനമാകും ഉണ്ടാകുക. വിജയിച്ചാല്‍ അത് വരും കാലങ്ങളിലേക്കുള്ള ശക്തമായ മാതൃകയുമാകും. 17 മന്ത്രാലയങ്ങളെയാണ് മോദി യോജിപ്പിച്ചത്. രണ്ടാം യു പി എ സര്‍ക്കാര്‍ രൂപവത്കരിച്ച പ്രവാസികാര്യ മന്ത്രാലയം സുഷമാ സ്വരാജിന്റെ വിദേശകാര്യ മന്ത്രാലയത്തോട് ചേര്‍ത്തു. കമ്പനികാര്യ വകുപ്പ് ധനകാര്യ വകുപ്പിനോട് ചേര്‍ത്തു. പ്രതിരോധത്തിന്റെ കൂടി ചുമതലയുള്ള അരുണ്‍ ജെയ്റ്റ്‌ലിക്കാണ് ധനകാര്യം.
അടിസ്ഥാന സൗകര്യ മേഖലയിലാണ് ഏറെ പ്രാധാന്യമുള്ള ലയിപ്പിക്കല്‍ നടന്നത്. റോഡ് ഗതാഗതം, ഹൈവേ, കപ്പലോട്ടം എന്നിവ ഒറ്റ മന്ത്രിയുടെ കീഴിലാകും. മഹാരാഷ്ട്രയിലെ ബി ജെ പി- ശിവസേനാ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയെന്ന നിലയില്‍ മുന്‍ ബി ജെ പി പ്രസിഡന്റ് നിതിന്‍ ഗാഡ്കരി നടത്തിയ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണത്രേ അദ്ദേഹത്തിന് ഈ മന്ത്രാലയം നല്‍കിയത്.
വൈദ്യുതി, കല്‍ക്കരി, പുതുതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജം എന്നീ വകുപ്പുകള്‍ ഒറ്റ യൂനിറ്റാക്കി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായ പുയൂഷ് ഗോയല്‍ ആണ് ഇതിന്റെ മന്ത്രി. യു പി എ സര്‍ക്കാറില്‍ ഇവ മൂന്നിനും കാബിനറ്റ് റാങ്കുള്ള മന്ത്രിമാരായിരുന്നു. നഗര വികസനം, പാര്‍പ്പിടം-ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവ ഒറ്റ മന്ത്രലയത്തിന് കീഴിലാക്കിയിട്ടുണ്ട്. എം വെങ്കയ്യ നായിഡുവിനാണ് ഇതിന്റെ ചുമതല. ഗ്രാമവികസനം, പഞ്ചായത്തി രാജ് എന്നിവക്ക് പുറമേ കുടിവെള്ളം, ശുചിത്വം എന്നിവയും ഗോപിനാഥ് മുണ്ടെയുടെ കീഴില്‍ വരുന്നു. സാംസ്‌കാരികവും ടൂറിസവും യോജിപ്പിച്ച് ശ്രീപദ് നായിക്കിന് നല്‍കി. ഇദ്ദേഹം സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്.
മന്ത്രാലയങ്ങളുടെ ലയനം ഉദ്യോഗസ്ഥ വാഴ്ചക്ക് വഴി വെക്കുമെന്നതടക്കമുള്ള വിമര്‍ശങ്ങള്‍ നിലനില്‍ക്കുമ്പോഴും കാര്യക്ഷമത ഉറപ്പ് വരുത്തുമെന്ന വിലയിരുത്തലാണ് കൂടുതല്‍ വിദഗ്ധര്‍ പങ്കുവെക്കുന്നത്. മാത്രമല്ല രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്തരം യോജിപ്പിക്കലുകള്‍ മുമ്പുമുണ്ടായിട്ടുമുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ റെയില്‍വേയും കപ്പലോട്ടവും സിവില്‍ വ്യോമയാനവും യോജിപ്പിച്ച് ഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവന്നു. ബന്‍സിലാലിനായിരുന്നു ചുമതല. അദ്ദേഹത്തെ സഹായിക്കാന്‍ മൂന്ന് സഹമന്ത്രിമാരുണ്ടായിരുന്നു.
വിദ്യാഭ്യാസം, സംസ്‌കാരം, വനിതാ ശിശുക്ഷേമം എന്നിവ ഒറ്റ മന്ത്രാലയത്തിന്‍ കീഴിലാക്കാനും രാജീവ് ഗാന്ധി തയ്യാറായി. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലായിരുന്നു ഇവ. പി വി നരസിംഹ റാവുവായിരുന്നു മന്ത്രി. അന്നാണ് ആദ്യമായി മാനവവിഭവ ശേഷി മന്ത്രാലയം രൂപവത്കരിച്ചത്.
അടല്‍ ബിഹാരി വാജ്‌പേയി ഐ ടി മന്ത്രാലയവും വാര്‍ത്താ വിനിമയവും ഒറ്റ യൂനിറ്റാക്കി.
മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഉപരിതല മന്ത്രാലയവും കപ്പലോട്ടവും ഒറ്റ മന്ത്രാലയമായിരുന്നു.