മന്ത്രിസഭാ വികസന സൂചന നല്‍കി ജെയ്റ്റ്‌ലി

Posted on: May 28, 2014 12:14 am | Last updated: May 28, 2014 at 12:14 am

ന്യൂഡല്‍ഹി: മന്ത്രിസഭാ വികസനത്തിന്റെ സൂചന നല്‍കി ധന, പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതലയേറ്റ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കവേയാണ് അദ്ദേഹം മോദി മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല തികച്ചും താത്കാലികമാണെന്നും ഏതാനും ആഴ്ചക്കകം പൂര്‍ണ പ്രതിരോധ മന്ത്രിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുന്നതിന്‌തൊട്ടു മുമ്പ് കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ നിയമിച്ചതില്‍ ബി ജെ പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജെയ്റ്റ്‌ലി ഈ പരാമര്‍ശം നടത്തിയത്. ലഫ്റ്റനന്റ് ജനറല്‍ സുഹാഗിനെ നിയമിച്ചതിനെതിരെ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷന്‍ സര്‍ക്കാറിന്റെ തീരുമാനം ശരിവെക്കുകയായിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയമനം നടത്താന്‍ പാടുണ്ടോ എന്ന ക്രമപ്രശ്‌നമാണ് ബി ജെ പി ഉന്നയിച്ചത്. ഇത് ഒരു കാരണവശാലും കരസേനാ മേധാവിയെ ബാധിക്കില്ലെന്ന് ധനമന്ത്രാലയത്തിന്റെ ചുമതല കൂടിയുള്ള ജെയ്റ്റ്‌ലി പറഞ്ഞു. കരസേനാ മുന്‍ മേധാവിയും ഇപ്പോഴത്തെ കേന്ദ്ര മന്ത്രിയുമായ ജനറല്‍ വി കെ സിംഗ്, ലഫ്റ്റനന്റ് ജനറല്‍ സുഹാഗിനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. അസമിലെ തീവ്രവാദവിരുദ്ധ നടപടികളുടെ പേരിലായിരുന്നു അത്. 2012 മെയില്‍ ജനറല്‍ വിക്രം സിംഗ് ഈ അച്ചടക്ക നടപടി പിന്‍വലിക്കുകയായിരുന്നു.