സമ്പൂര്‍ണ പട്ടികവര്‍ഗ ഭവന പദ്ധതി നടപ്പാക്കും: മന്ത്രി

Posted on: May 28, 2014 12:09 am | Last updated: May 28, 2014 at 12:09 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മിഷന്‍ 676ല്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വികസന വകുപ്പ് സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കുമെന്ന് പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതരായ മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നിര്‍മിക്കാന്‍ 2. 50 ലക്ഷം രൂപ നിരക്കില്‍ സാമ്പത്തിക സഹായം നല്‍കും. 2008ലെ പട്ടികവര്‍ഗ സര്‍വേയില്‍ 12,935 കുടുംബങ്ങള്‍ ഭവനരഹിതരാണ്. 2013-14വരെ ഇവര്‍ക്ക് 10,330 വീടുകള്‍ നിര്‍മിച്ചു നല്‍കി. ശേഷിക്കുന്നവര്‍ക്കുള്ള ഭവന നിര്‍മാണം 676 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. മുമ്പ് നിര്‍മിച്ച വീടുകള്‍ നവീകരിക്കുന്നതിന് 1000 കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. ഹാംലെറ്റ് പദ്ധതി പ്രകാരം ചെറു സങ്കേതങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 100 ലക്ഷം രൂപ വീതം 2014-15 വര്‍ഷത്തില്‍ 25 കേന്ദ്രങ്ങള്‍ക്ക് സഹായം നല്‍കും. കുടിവെള്ളം, വൈദ്യുതി, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, ലിങ്ക് റോഡുകള്‍, നടപ്പാതകള്‍, സഹായ കേന്ദ്രങ്ങള്‍, കമ്മ്യൂനിറ്റി കേന്ദ്രങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, ടി വി പാര്‍ക്ക്, തൊഴില്‍- വരുമാനദായക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍പ്പെടും. മന്ത്രി അറിയിച്ചു.