അജ്മാനില്‍ വിമാനത്താവളവും രണ്ട് തുറമുഖവും

Posted on: May 27, 2014 9:44 pm | Last updated: May 27, 2014 at 9:44 pm

ajmanഅജ്മാന്‍: ടൂറിസം വികസനം ലക്ഷ്യമിട്ട് അജ്മാനില്‍ പുതുതായി വിമാനത്താവളവും രണ്ട് തുറമുഖങ്ങളും നിര്‍മിക്കുമെന്ന് അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ബിന്‍ ഹുമൈദ് അല്‍ നുഐമി വ്യക്തമാക്കി.

ഭാവിയില്‍ ടൂറിസം രംഗത്ത് അജ്മാനിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ‘2021 അജ്മാന്‍’ എന്ന ആസൂത്രണ പദ്ധതി പ്രകാരമാണിത്. വികസന പദ്ധതിയുടെ രൂപരേഖ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന് സമര്‍പ്പിച്ചു കഴിഞ്ഞു. പുതിയ വിമാനത്താവളവും തുറമുഖവും യു എ ഇയുടെ വളര്‍ച്ചക്ക് മുതല്‍കൂട്ടാകും.
അജ്മാനിന്റെ കിഴക്ക് ഭാഗത്തുള്ള മനാമയിലാണ് വിമാനത്താവളം പദ്ധതിയിട്ടിരിക്കുന്നത്. അജ്മാനിന്റെ എല്ലാ ഭാഗങ്ങളിലും മലിന ജലം ഒഴുകുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
275 കിലോമീറ്റര്‍ നിളത്തില്‍ നിര്‍മിച്ച സീവറേജ് പൈപ്പ് 127 വീടുകള്‍ക്കാണ് ഉപകാരപ്രദമാകുക. 22 പമ്പിംഗ് സ്റ്റേഷനുണ്ടെന്നും കിരീടാവകാശി അറിയിച്ചു. രാജ്യത്ത് അതിവേഗം വളരുന്ന എമിറേറ്റാണ് അജ്മാന്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ കോടികളുടെ വികസന പദ്ധതികളാണ് അജ്മാനില്‍ നടപ്പിലാക്കിയത്. നിരവധി പാലങ്ങളും ആധുനിക രീതിയിലുള്ള റോഡുകളും നിര്‍മിച്ചു. ജര്‍ഫ്, അല്‍ സഹറ, മുഹ്‌യാത്ത്, തല്ല എന്നീ ഭാഗങ്ങളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആധുനിക രീതിയിലുള്ള ആതുരാലയങ്ങളും നിര്‍മാണത്തിലാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് മുതല്‍ കൂട്ടാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുടങ്ങാന്‍ പോകുന്നവയില്‍ അധികവും. പുതിയ എയര്‍പോര്‍ട്ടും തുറമുഖങ്ങളും അജ്മാനിന്റെ വികസനത്തെയും വേഗത്തിലാക്കും.