Connect with us

Gulf

കെട്ടിടത്തില്‍ നിന്നു വീണു മരണം; ഷാര്‍ജയില്‍ തുടര്‍ക്കഥ

Published

|

Last Updated

ഷാര്‍ജ: കെട്ടിടങ്ങളില്‍ നിന്നുള്ള വീണു മരണം ഷാര്‍ജയില്‍ തുടര്‍ക്കഥ. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നിരവധി പേരാണ് മരിച്ചത്. മുതിര്‍ന്നവരും കുട്ടികളും മരിച്ചവരിലുള്‍പ്പെടും. അല്‍ നഹ്ദ, അല്‍ താവൂന്‍, റോള തുടങ്ങിയ എമിറേറ്റിലെ പ്രധാന ജനവാസ കേന്ദ്രങ്ങളില്‍ നിരവധി പേരാണ് കെട്ടിടങ്ങളില്‍ നിന്നു വീണു മരിച്ചത്. കൂറ്റന്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണി വഴിയും ജനലിലൂടെയുമാണ് അധികം പേരും നിലം പതിച്ച് മരണപ്പെട്ടത്.
എന്നാല്‍, ഇത്തരത്തില്‍ മരിക്കുന്നവരില്‍ മലയാളികള്‍ കുറവായിരുന്നു. ഏറ്റവും ഒടുവില്‍ ഒരു മലയാളി ബാലനാണ് കെട്ടിടത്തില്‍ നിന്നുവീണുമരിച്ചത്. ഏതാനും മാസം മുമ്പായിരുന്നു ഇത്. റോള റൊട്ടാന ഹോട്ടലിന് സമീപത്തെ കെട്ടിടത്തില്‍ നിന്നും വീണാണ് കുട്ടിമരിച്ചത്. ഈ സംഭവം മലയാളികളെ ഏറെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇതു നീങ്ങുംമുമ്പാണ് വീണ്ടും മരണം സംഭവിച്ചത്. കെട്ടിടങ്ങളില്‍ നിന്നു കുട്ടികള്‍ താഴെ വീഴാതിരിക്കാനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് അധികൃതര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും നിര്‍ദേശം ലഭിച്ചു. നിയമ നടപടിക്കുവിധേയരാകേണ്ടിവരുമെന്ന മുന്നറിയിപ്പും ലഭിക്കുകയുണ്ടായി. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. ഇതാണ് ഇത്തരം മരണം ആവര്‍ത്തിക്കാനുള്ള പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കെട്ടിടങ്ങളില്‍ നിന്നു വീണുമരിക്കുന്നവരിലധികവും പ്രവാസികളാണെന്നത് ഏറെ ശ്രദ്ധേയമാണ്. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് അടിക്കടി കെട്ടിടങ്ങളില്‍ നിന്ന് വീണുമരിക്കുന്നതിന് പ്രധാന കാരണമെന്നും വിലയിരുത്തപ്പെടുന്നു. കുട്ടികളുടെ സുരക്ഷക്കാണ് അധികൃതര്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്കു നേരിടുന്ന ഏതൊരു പ്രശ്‌നവും അധികൃതര്‍ ഗൗരവമായി കാണുന്നു.

Latest