Connect with us

Gulf

ഷാര്‍ജയില്‍ മലയാളി ബാലന്‍ 13ാം നിലയില്‍ നിന്നും വീണ് മരിച്ചു

Published

|

Last Updated

ഷാര്‍ജ: മലയാളി ബാലന്‍ താമസ കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ഥി കെവിന്‍ ജെയിം ജോസഫ് (എട്ട്) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ദാരുണമായ അപകടം.
കോട്ടയം സ്വദേശിയും എഞ്ചിനീയറുമായ പി സി ജോസഫിന്റെയും ഷാര്‍ജ ആല്‍സഹ്‌റ ആശുപത്രിയിലെ നഴ്‌സ് അനിതാ ചെറിയാന്റെയും മകനാണ്. ഷാര്‍ജ മ്യൂസിയത്തിനു സമീപത്താണ് താമസം. ഇതേ സ്‌കൂളില്‍ നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന ഇളയമകന്‍ സെറിന്‍ ചെറിയാനെ സ്‌കൂള്‍ ബസില്‍ കയറ്റാനായി അനിത താഴെ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഈ സമയം കെവിന്‍ മുറിയില്‍ കിടക്കുകയായിരുന്നുവെന്ന് അനിത പറഞ്ഞു. സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട ശേഷം അനിത തിരികെ താമസസ്ഥലത്ത് എത്തിയപ്പോള്‍ കെവിനെ കാണാനില്ലായിരുന്നു. അകത്തു മുഴുവന്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് താഴെ നോക്കിയപ്പോള്‍ ആളുകള്‍ കൂടി നില്‍ക്കുന്നതായി കണ്ടു. താഴെയിറങ്ങിയപ്പോഴാണ് വീണുകിടക്കുന്നത് തന്റെ കുട്ടിയാണെന്ന് മനസ്സിലായത്.
ഉടന്‍ കുവൈത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. വിവരമറിഞ്ഞ് അധ്യാപകരും സ്‌കൂള്‍ അധികൃതരും താമസസ്ഥലത്തും ആശുപത്രിയിലുമെത്തി രക്ഷിതാക്കളെ ആശ്വസിപ്പിച്ചു.
കുട്ടിയെ എടുക്കാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് മരിച്ച വിവരമറിഞ്ഞതെന്നും അച്ചടക്കമുള്ള കുട്ടിയായിരുന്നു കെവിനെന്നും ബസ് സൂപ്പര്‍വൈസര്‍ ശ്രീജേഷ് പറഞ്ഞു. പഠിക്കാന്‍ മിടുക്കാനായിരുന്നുവെന്ന് ക്ലാസ് അധ്യാപിക വ്യക്തമാക്കി. ബാല്‍കണി വഴിയാണ് കുട്ടിവീണതെന്ന് സംശയിക്കുന്നു.

 

 

 

Latest