റെയില്‍വേ പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ ഭാഗം മാറ്റിസ്ഥാപിച്ചു

Posted on: May 27, 2014 1:30 am | Last updated: May 27, 2014 at 1:30 am

കോഴിക്കോട്: കോഴിക്കോട് ഫറോക്കിനടുത്ത് കുണ്ടായിത്തോടില്‍ റെയില്‍ പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അട്ടിമറി സാധ്യത നടന്നോയെന്നത് വിലയിരുത്തുന്നതിനായി റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം ഇന്നലെ അള്‍ട്രാ സോണിക് പരിശോധന നടത്തി. അള്‍ട്രാ സോണിക് രശ്മികള്‍ കടത്തിവിട്ടുള്ള പരിശോധനയില്‍ കുഴികള്‍ രൂപപ്പെട്ട ഭാഗത്ത് ബലക്ഷയമുണ്ടെന്നും ദ്വാരങ്ങളിലെ വിള്ളല്‍ ഉള്ളിലേക്കും പടര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് പാളഭാഗം മാറ്റി സ്ഥാപിച്ചു. ട്രെയിനുകളുടെ വേഗം കുറച്ചും സമയം ക്രമീകരിച്ചും രണ്ട് മണിക്കൂര്‍ കൊണ്ടാണ് കോഴിക്കോട് റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം ദ്വാരങ്ങള്‍ കണ്ടെത്തിയ ഭാഗം മാറ്റി സ്ഥാപിച്ചത്.
റെയില്‍പാളത്തില്‍ എങ്ങനെയാണ് കുഴികള്‍ രൂപപ്പെട്ടതെന്നതിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും റെയില്‍ പാളത്തെ ഭാവിയില്‍ അപകടാവസ്ഥയിലാക്കാന്‍ ഇതിനു സാധിക്കുമെന്നാണ് അള്‍ട്രാ സൗണ്ട് സ്‌കാനിംഗില്‍ വ്യക്തമായത്. ഇതേത്തുടര്‍ന്നാണ് ആറ് മീറ്റര്‍ നീളത്തില്‍ പാളം മാറ്റി സ്ഥാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ദ്വാരങ്ങള്‍ കണ്ടെത്തിയ റെയില്‍പാളത്തിന്റെ ഭാഗവും പരിശോധനയുടെ റിപ്പോര്‍ട്ടും നല്ലളം പോലീസിന് കൈമാറി. ദ്വാരങ്ങള്‍ കണ്ടെത്തിയ ഭാഗത്ത് നിന്നും ഇരുമ്പുപൊടിയും മണ്ണുമെല്ലാം ശേഖരിച്ച ഫോറന്‍സിക് വിഭാഗം സാമ്പിളുകള്‍ പോലീസിന് കൈമാറിയിട്ടില്ല. തിരുവനന്തപുരം ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ റാഹിലയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘം എടുത്ത ദ്വാരത്തിന്റെ സ്റ്റില്‍ ഫോട്ടോയും വീഡിയോയും തിരുവനന്തപുരം എഫ് എസ് ലാബില്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും.
ഇക്കഴിഞ്ഞ 22ന് വൈകുന്നേരമാണ് ഫറോക്ക് റെയില്‍വേ സ്‌റ്റേഷന് രണ്ടര കിലോമീറ്റര്‍ വടക്കുമാറി കുണ്ടായിത്തോടില്‍ റെയില്‍ പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും അട്ടിമറി സാധ്യതയുണ്ടെന്നുമുള്ള വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് റെയില്‍വേ അധികൃതര്‍. അതേസമയം മൂര്‍ച്ചയേറിയ ഏതോ വസ്തു പാളത്തില്‍ വെച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ കടന്നുപോയപ്പോള്‍ ആഴത്തില്‍ അമര്‍ന്ന് രൂപപ്പെട്ട ദ്വാരങ്ങളാണ് കണ്ടെത്തിയതെന്നും സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.