Connect with us

Ongoing News

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിഷേധവോട്ട് വരുന്നു

Published

|

Last Updated

മുളംകുന്നത്തുകാവ്: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിഷേധവോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കെ ശശിധരന്‍ നായര്‍ അറിയിച്ചു. ഇതിനാവശ്യമായ ഭരണഘടനാഭേദഗതി കൊണ്ടുവരുന്നതിന് സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമാവബോധം നല്‍കുന്നതിനുള്ള പരിശീലനപരിപാടിയുടെ ഭാഗമായി കിലയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പത്ശതമാനത്തില്‍ കൂടുതല്‍ നിഷേധവോട്ടുണ്ടായാല്‍ ആ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും അസി.റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുമാണ് രണ്ടാം ഘട്ട പരിശീലനം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മുതല്‍ ഫലപ്രഖ്യാപനം കഴിയുന്നതുവരെയുള്ള നടപടിക്രമങ്ങളെക്കുറിച്ചാണ് പരിശീലനം.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. താഴെതട്ടിലുള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടി പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്
കില ഡയറക്ടര്‍ ഡോ. പി പിബാലന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ്‌ന മോള്‍, അസോസിയേറ്റ് പ്രൊഫ. ഡോ. രത്‌നരാജ്, തിരഞ്ഞെടുപ്പുകമ്മീഷന്‍ അഡീഷ്‌നല്‍ സെക്രട്ടറി കെ വി പൃഥിരാജ്, ജോയിന്റ് സെക്രട്ടറിമാരായ രാധാകൃഷ്ണക്കുറുപ്പ്, ഈപ്പന്‍ ഫ്രാന്‍സിസ് സംബന്ധിച്ചു. കിലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ആഗസ്റ്റില്‍ തുടങ്ങി ഒക്‌ടോബറില്‍ അവസാനിക്കത്തക്ക വിധത്തിലാണ് തയാറാക്കിയിട്ടുള്ളത്.

Latest