പോലീസ് റിക്രൂട്ട്‌മെന്റ് സംസ്ഥാന തലത്തിലാക്കണം

Posted on: May 27, 2014 1:27 am | Last updated: May 27, 2014 at 1:27 am

അങ്കമാലി: നാഷണല്‍ പോലീസ് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഏകീകൃത പോലീസ് സമ്പ്രദായം നടപ്പാക്കുന്നതിന് സേനാംഗങ്ങളുടെ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ആംഡ് ഗാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക, ട്രെയ്‌നിംഗ് സര്‍വ്വീസായി പരിഗണിച്ച സാഹചര്യത്തില്‍ പോലീസ് കോണ്‍സ്റ്റബിളിന്റെ പ്രൊബേഷന്‍ കാലാവധി ട്രെയിംനിംഗ് ഉള്‍പ്പെടെ രണ്ട് വര്‍ഷമായി നിജപ്പെടുത്തുക, കേരളത്തിലെ 51 സ്റ്റേഷനുകളില്‍ വിജയകരമായി നടപ്പാക്കി വരുന്ന എട്ട് മണിക്കൂര്‍ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച 50 സ്റ്റേഷനുകളിലും നടപ്പിലാക്കുക, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ പെന്റിംഗ് പി ആര്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നടപ്പാക്കിയ നാലാം ഗ്രേഡ് ഡ്രൈവര്‍ പോലീസുകാര്‍ക്കുകൂടി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ അപകടങ്ങളില്‍ പെടുന്ന സന്ദര്‍ഭങ്ങളില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പരിരക്ഷ പോലീസ് ഡ്രൈവര്‍മാര്‍ക്കും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, സര്‍ക്കാര്‍ ജോലികളിലുള്ള ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്ക് ഒരേ ജില്ലയില്‍ ജോലി ചെയ്യുന്നതിന് നടപടി സ്വീകരിക്കുക, കേരള പോലീസ് അക്കാദമിയുടെ കീഴില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യത്തോടുകൂടിയ ട്രെയിനിംഗ് സെന്റര്‍ സ്ഥാപിക്കുക, ബറ്റാലിയനുകളിലും എ.ആര്‍ ക്യാമ്പുകളിലും ആഹാരം പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഗ്യാസ് സബ്‌സിഡി നിരക്കില്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുക, വനിത ജീവനക്കാരുടെ പ്രസവാനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ജീനക്കാരുടെതിന് തുല്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക, എല്ലാ ജില്ലകളിലും ഫോറന്‍സിക് സയന്‍സ് ലാബോറട്ടി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.