ലോകകപ്പിന് ശേഷം ജെറാര്‍ഡ് വിരമിക്കും?

Posted on: May 27, 2014 1:11 am | Last updated: May 27, 2014 at 1:11 am

stevenGerrardലണ്ടന്‍: ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് ഇംഗ്ലണ്ടിന്റെ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ്. ടൂര്‍ണമെന്റിന് ശേഷം ലിവര്‍പൂളിന്റെയും ഇംഗ്ലണ്ടിന്റെയും പരിശീലകരുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും ജെറാര്‍ഡ് സൂചിപ്പിച്ചു. അടുത്താഴ്ച മുപ്പത്തിനാല് വയസ് പൂര്‍ത്തിയാകുന്ന ജെറാര്‍ഡ് ബ്രസീലില്‍ ഇംഗ്ലണ്ട് അപ്രസക്തരില്‍ നിന്ന് അതിശയിപ്പിക്കുന്നവരായി മാറുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.
1966 ല്‍ ലോകചാമ്പ്യന്‍മാരായതിന് ശേഷം ഇംഗ്ലണ്ട് കാഴ്ചക്കാരായി മടങ്ങുകയാണ് പതിവ്. മികച്ച ലീഗ് സ്വന്തമായിട്ടും ഇംഗ്ലണ്ട് ലോകവേദിയില്‍ പിറകോട്ടു പോവുന്നതാണ് ഇക്കാലമത്രയും കണ്ടത്. എന്നാല്‍, ബ്രസീലില്‍ അതിനൊരു മാറ്റമുണ്ടാക്കാനാണ് ജെറാര്‍ഡ് ക്യാപ്റ്റന്റെ ആംബാന്‍ഡണിഞ്ഞിറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ മുന്നില്‍ നിന്ന് നയിച്ചത് ജെറാര്‍ഡായിരുന്നു. എന്നാല്‍, ചെല്‍സിക്കെതിരെ നിര്‍ണായക മത്സരത്തില്‍ ജെറാര്‍ഡ് വഴുതിവീണപ്പോള്‍ ലിവര്‍പൂളിന് നഷ്ടമായത് ലീഗ് കിരീടം തന്നെയായിരുന്നു.
ബ്രസീലിലേക്ക് ജെറാര്‍ഡ് വരുന്നത് തന്നെ ആ നഷ്ടം മറക്കാനാണ്. സീസണില്‍ മികച്ച ഫോമിലായിരുന്നു. അതേ മികവ് ലോകകപ്പില്‍ ആവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കും-ജെറാര്‍ഡ് പറഞ്ഞു.
ലോകകപ്പില്‍ ഇംഗ്ലണ്ട് മുന്നേറിയാല്‍ ജെറാര്‍ഡിന് ഡേവിഡ് ബെക്കാമിന്റെ 115 മത്സരങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്താം. ആറ് മത്സരങ്ങള്‍ കൂടി വേണം ജെറാര്‍ഡിന് ബെക്കാമിനൊപ്പമെത്താന്‍. സന്നാഹ മത്സരങ്ങളും ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും കഴിയുന്നതോടെ തന്നെ ജെറാര്‍ഡ് ആറ് മത്സരം പൂര്‍ത്തിയാക്കും. ബെക്കാമിനൊപ്പമെത്തുക എന്നത് വലിയ കാര്യമാണ്. തന്റെ ഹീറോയാണ് ബെക്കാം, അദ്ദേഹത്തിനൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു- ലിവര്‍പൂള്‍ താരം പറയുന്നു.