Connect with us

Ongoing News

താരപ്രഭയില്‍ ബെല്‍ജിയം

Published

|

Last Updated

ബെല്‍ജിയം കോച്ച് വില്‍മോട്‌സ് പരിശീലന സെഷന് നേതൃത്വം നല്‍കുന്നു

ഗോള്‍ഡന്‍ ജനറേഷനുമായി വരുന്ന ബെല്‍ജിയം, ഫാബിയോ കാപ്പല്ലോ എന്ന പരിശീലകന്റെ റഷ്യ, പോരാട്ടം കാഴ്ചവെക്കുന്ന ദക്ഷിണകൊറിയ, അള്‍ജീരിയ. ഗ്രൂപ്പ് എച്ച് ക്ലാസിക് മത്സരങ്ങള്‍ കൊണ്ട് സമ്പന്നമാകുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ വിശ്വസിക്കുന്നത്. ഗ്രൂപ്പിലെ ഓരോ മത്സരവും വ്യത്യസ്ത വേദിയിലാണ്. ബെലൊ ഹോറിസോന്റെ, സ്യൂബ, റിയോ ഡി ജനീറോ, പോര്‍ടോ അലെഗ്രെ, സാവോ പോളോ,കുരിടിബ എന്നിവയാണ് വേദികള്‍.
ബെല്‍ജിയത്തിന്റെ മുന്‍ പ്ലേമേക്കര്‍ മാര്‍ക് വില്‍മോട്‌സിന്റെ പരിശീലന മികവില്‍ വരുന്ന ബെല്‍ജിയത്തിന്റെ സുവര്‍ണനിര ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമെന്നാണ് കരുതപ്പെടുന്നത്. റഷ്യമാത്രമാണ് അതിനൊരു ഭീഷണി. കൊറിയക്കും അള്‍ജീരിയക്കും ബെല്‍ജിയം, റഷ്യ ടീമുകളെ വീഴ്ത്തുക എളുപ്പമല്ല.
ലോകകപ്പില്‍ ചരിത്രമുള്ളവരാണ് ബെല്‍ജിയം. 1930 ലെ പ്രഥമ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളില്‍ കൂടി ബെല്‍ജിയം സാന്നിധ്യമറിയിച്ചു. 1954, 70, 82, 86, 90, 94, 98, 2002 ലോകകപ്പുകളിലും ബെല്‍ജിയം പന്ത് തട്ടി. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അവര്‍ ഫുട്‌ബോള്‍ മാമാങ്കത്തിലേക്ക് തിരിച്ചുവരുന്നത്. അതിനുള്ള പ്രധാന കാരണം എദെന്‍ ഹസാദ്, ലുകാകു, വിന്‍സെന്റ് കൊംപാനി, കെവിന്‍ ഡു ബ്രൂയിന്‍, കെവിന്‍ മിറായസ്, ക്രിസ്റ്റ്യന്‍ ബെന്റെകെ എന്നിവരടങ്ങുന്ന സുവര്‍ണ നിരയാണ്.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായാണ് ബെല്‍ജിയം ബ്രസീല്‍ ടിക്കറ്റെടുത്തത്. ക്രൊയേഷ്യ, വെയില്‍സ്, സ്‌കോട്‌ലന്‍ഡ്, സെര്‍ബിയ, മാസിഡോണിയ ടീമുകളായിരുന്നു ഗ്രൂപ്പില്‍. ഇതില്‍ ക്രൊയേഷ്യയും യോഗ്യത നേടി.
ഗ്രൂപ്പില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന് മാത്രമല്ല പത്തില്‍ എട്ട് കളിയും ജയിച്ചു. രണ്ട് സമനില. പതിനെട്ട് ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയതാകട്ടെ നാലെണ്ണം. ഈ കണക്കുകള്‍ വില്‍മോട്‌സിന്റെ ചുവന്ന ചെകുത്താന്‍മാരുടെ സുസ്ഥിര ഫോം അടിവരയിടുന്നു. സ്‌കോറിംഗ് മിടുക്കുള്ള അഞ്ച് താരങ്ങള്‍ ബെല്‍ജിയത്തിനുണ്ട്. ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ ഇതേറെ പ്രധാനപ്പെട്ടതാണ്. മാഞ്ചസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച വിന്‍സെന്റ് കൊംപാനിയുടെ പരിചയ സമ്പത്ത് കോച്ച് വില്‍മോട്‌സ് മികച്ച രീതിയില്‍ വിനിയോഗിക്കുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തിളക്കം നഷ്ടപ്പെട്ടെങ്കിലും മറൗനെ ഫെലെയ്‌നി എന്ന മിഡ്ഫീല്‍ഡര്‍ ബെല്‍ജിയത്തിന് പ്രധാനപ്പെട്ടതാണ്. കോച്ച് വില്‍മോട്‌സ് തന്റെ മുഖ്യ ആയുധമായി ഫെലെയ്‌നിയെ ഉയര്‍ത്തിക്കാട്ടുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് ഗോള്‍ കീപ്പര്‍ തിബൗത് കുര്‍ടോയിസാണ് വല കാക്കുന്നത്. ഫൈനലില്‍ റയലിന് മുന്നില്‍ മാത്രമാണ് കുര്‍ടോയിസിന്റെ സുരക്ഷാവലയം ഭേദിക്കപ്പെട്ടത്.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് റഷ്യയും ലോകകപ്പ് ടിക്കറ്റെടുത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കാപല്ലോയുടെ റഷ്യ വരുന്നത്. പത്ത് മത്സരങ്ങളില്‍ ഏഴിലും ജയിച്ചു. അടിച്ചത് ഇരുപത് ഗോളുകള്‍. വഴങ്ങിയത് അഞ്ചെണ്ണം. അലന്‍ സഗായേവ് എന്ന യുവ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ മികവ് റഷ്യക്ക് പ്രധാനമാണ്. ആന്ദ്രെ അര്‍ഷാവിന് ശേഷം റഷ്യയുടെ സൂപ്പര്‍സ്റ്റാറായി ഈ സി എസ് കെ എ മോസ്‌കോ താരം മാറിക്കഴിഞ്ഞു. ബെല്‍ജിയത്തെ പോലെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ലോകകപ്പ് പ്രവേശം. ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ടാണ് കാപല്ലോ വരുന്നത്. ബാക്കിയെല്ലാം അട്ടിമറിപ്രകടനം പോലിരിക്കുമെന്നും കാപല്ലോ വിശ്വസിക്കുന്നു.
2002 ല്‍ നാട്ടില്‍ ലോകകപ്പ് അരങ്ങേറിയപ്പോള്‍ സെമിവരെ കുതിച്ച ദക്ഷിണകൊറിയക്ക് അന്നത്തെ ചുറുചുറുക്കില്ല. ആഫ്രിക്കയുടെ വടക്ക് ഭാഗത്തുള്ള അള്‍ജീരിയ ഗ്രൂപ്പ് റൗണ്ടിലെ അട്ടിമറിയെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. പ്രീക്വാര്‍ട്ടറിലെത്തിയാല്‍ പോലും അവര്‍ തൃപ്തര്‍.