ബ്രിട്ടനില്‍ കുട്ടിപ്പട്ടാളം പെരുകുന്നു; പ്രതിഷേധം വ്യാപകം

Posted on: May 27, 2014 1:02 am | Last updated: May 27, 2014 at 1:02 am

ലണ്ടന്‍: ബ്രിട്ടനില്‍ പുതുതായി റിക്രൂട്ട് ചെയ്യുന്ന പത്ത് സൈനികരില്‍ ഒന്നിലധികം പേര്‍ 16 വയസ്സുള്ള കുട്ടി സൈനികരെന്ന്് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കണക്ക്. അതുപോലെ റിക്രൂട്ട് ചെയ്യുന്ന പുതിയ സൈനികരില്‍ നാലില്‍ ഒരാള്‍ 18 വയസ്സിന് താഴെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ സൈന്യത്തില്‍ കുട്ടികളെ ഉപയോഗിക്കുന്നതിന് എതിരെ ശക്തമായ വിമര്‍ശങ്ങളാണ് ഉയരുന്നത്. 17 വയസ്സുള്ള ആണ്‍കുട്ടികളെ സൈനികരായി 1991 ലെ ഗള്‍ഫ് യുദ്ധത്തിലും 1999ലെ കൊസോവ യുദ്ധത്തിലും ഉപയോഗിച്ചതിനെതിരെ അന്ന് ശക്തമായ പ്രതിഷേധം വ്യാപകമായിരുന്നു. ഇതിനെ തുടര്‍ന്ന് യുദ്ധസാധ്യതയുള്ള മേഖലകളിലേക്ക് 18 വയസ്സിന് താഴെയുള്ള സൈനികരെ അയക്കുന്നത് സംബന്ധിച്ച സൈനിക നിയമം ഭേദഗതി ചെയ്തിരുന്നു. അതേസമയം, 17 വയസ്സുള്ള 20ലധികം കുട്ടിസൈനികര്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വോട്ടെടുപ്പ് പ്രായമെത്താത്ത 17,000 കുട്ടിസൈനികര്‍ ഇപ്പോള്‍ സൈനിക സേവനത്തിലുണ്ട്.
16 വയസ്സുള്ള ആണ്‍കുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുക വഴി വടക്കന്‍ കൊറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളോട് ഈ വിഷയത്തില്‍ ബ്രിട്ടന്‍ താദാത്മ്യപ്പെട്ടിരിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കുട്ടികളെ മാരകവും അപകടകരവുമായ സാഹചര്യങ്ങളിലേക്കാണ് നയിക്കുന്നതെന്നും ഒഴിവുകള്‍ നികത്താന്‍ കുട്ടികളെ സൈന്യത്തില്‍ പ്രവേശിപ്പിക്കരുതെന്നും വിമര്‍ശകര്‍ ആവശ്യപ്പെടുന്നു.