Connect with us

International

ഉക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് റഷ്യ

Published

|

Last Updated

മോസ്‌കോ: ഉക്രൈന്‍ പ്രസിഡന്റായി വ്യവസായ പ്രമുഖനും കോടിപതിയുമായ പെട്രോ പൊറോഷെങ്കോ തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ 54 ശതമാനം വോട്ട് നേടിയതോടെയാണ് 48കാരനായ ഇദ്ദേഹം പ്രസിഡന്റ്പദം ഉറപ്പിച്ചത്. അറുപത് ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ എതിരാളികളെ പിന്നിലാക്കി അന്‍പത് ശതമാനത്തിലധികം വോട്ട് പെട്രോ നേടിയതോടെ രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഒഴിവായി. അതിനിടെ, ഉക്രൈനിന്റെ അടുത്ത പ്രസിഡന്റ് പെട്രോ പൊറോഷെങ്കോയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് റഷ്യ. അതേസമയം, ഉക്രൈനിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ വിമതര്‍ക്ക് നേരെ കീവ് അധികൃതര്‍ നടത്തുന്ന സായുധ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കീവിലെ ഭരണനേതൃത്വത്തിനെതിരെ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ അനുകൂല വിമതരും കീവ് അധികൃതരും തമ്മിലുള്ള മാന്യമായ ചര്‍ച്ചകളാണ് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. നിലവിലെ ഉടമ്പടികള്‍ അനുസരിച്ചുകൊണ്ടു തന്നെ വ്യാപാരം, വാതകം തുടങ്ങിയ മേഖലകളില്‍ ആ രാജ്യവുമായി സഹകരിക്കാനും പരസ്പര ചര്‍ച്ചകള്‍ക്കും തയ്യാറാണ്. നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഒരു മധ്യവര്‍ത്തിയുടെ ആവശ്യം ഇല്ല. അതേസമയം ഉക്രൈനില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയനുമായും അമേരിക്കയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറുമാണ്. നേരത്തെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഒന്നിലധികം തവണ ഓര്‍മിപ്പിച്ചതുപോലെ കീവ് അധികൃതരുമായി ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണെന്നും ഉക്രൈന്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ റഷ്യക്ക് ലഭിച്ച വിലപ്പെട്ട അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഉക്രൈന്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ കുറിച്ച് റഷ്യ സംശയം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം പൗരന്‍മാര്‍ക്ക് നേരെ സായുധരായ പട്ടാളത്തെ ഉപയോഗിക്കുന്ന ഇവിടുത്തെ തിരഞ്ഞെടുപ്പ് വിശ്വാസയോഗ്യമാകില്ലെന്നാണ് റഷ്യയുടെ നിലപാട്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ നേരിട്ട് ചോദ്യം ചെയ്യാന്‍ റഷ്യയുടെ വിദേശകാര്യമന്ത്രി തയ്യാറായില്ല. കീവിലെ മോസ്‌കോ അനുകൂലിയായ പ്രസിഡന്റിനെ പുറത്താക്കിയതും ഉക്രൈനില്‍ നിന്ന് ക്രീമിയ തങ്ങളുടെ ഭാഗത്തേക്ക് റഷ്യ കൂട്ടിച്ചേര്‍ത്തതുമാണ് നിലവിലെ പ്രശ്‌നങ്ങളുടെ കാരണം.