Connect with us

International

ചൈനയില്‍ 23 തീവ്രവാദ ഗ്രൂപ്പുകളെ തകര്‍ത്തു; 200 പേര്‍ പിടിയില്‍

Published

|

Last Updated

ബീജിംഗ്: ഈ മാസം നടത്തിയ ഓപറേഷനില്‍ 23 തീവ്രവാദ ഗ്രൂപ്പുകളെ തകര്‍ത്തതായി ചൈനീസ് പോലീസ്. തീവ്രവാദ ബന്ധമാരോപിച്ച് 200 ഓളം പേരെ സിന്‍ജിയാംഗ് പ്രവിശ്യയില്‍നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിന്‍ജിയാംഗ് പ്രവിശ്യാ തലസ്ഥാനമായ ഉറുംഖിയില്‍ വെള്ളിയാഴ്ചയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 94 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ നുഴഞ്ഞുകയറ്റമുണ്ടെന്ന സംശയത്തില്‍ മേഖലയിലെ അതിര്‍ത്തികടന്നുള്ള യാത്രയുള്‍പ്പെടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കീഴടങ്ങാനുള്ള അവസരവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ മുപ്പത് ദിവസത്തിനുള്ളില്‍ കീഴടങ്ങുന്നവരുടെ ശിക്ഷയില്‍ ഇളവ് നല്‍കുമെന്നും പ്രാദേശിക സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആയുധങ്ങള്‍ നിര്‍മിക്കുന്നതും കൈവശം വെക്കുന്നതും കച്ചവടം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. അതിനിടെ, തീവ്രവാദവിരുദ്ധ നീക്കത്തിന്റെ പേരില്‍ പ്രവിശ്യയില്‍ പോലീസ് വാഴ്ച നടക്കുകയാണെന്ന് സിന്‍ജിയാംഗിലെ മുസ്‌ലിം വിഭാഗമായ ഉയ്ഗൂറുകളുടെ സംഘടനകള്‍ വ്യക്തമാക്കി.

Latest