സൈബര്‍ ചാരവൃത്തി വെളിവാക്കുന്നത് അമേരിക്കയുടെ വൃത്തികെട്ട മുഖമെന്ന് ചൈന

Posted on: May 27, 2014 1:00 am | Last updated: May 27, 2014 at 1:00 am
SHARE

E9EBC95E-1147-4A1A-85FD-A8D795C9346B_mw1024_s_nബീജിംഗ്: ആഗോളവ്യാപകമായി അമേരിക്ക നടത്തുന്ന സൈബര്‍ ചാരവൃത്തിയെ ശക്തമായ ഭാഷയില്‍ അപലപിച്ച് ചൈന രംഗത്തെത്തി. സൈബര്‍ ചാരവൃത്തി നടത്തിയ അഞ്ച് സൈനികരെ അമേരിക്ക കുറ്റക്കാരായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ചൈന ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
തങ്ങളുടെ സഖ്യരാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ അതിരുകള്‍ ലംഘിച്ച് തങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക, സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചാരപ്രവൃത്തികളിലേര്‍പ്പെട്ടിരിക്കുകയാണ് അമേരിക്കയെന്നും ചൈന കുറ്റപ്പെടുത്തി. ധാര്‍മിക ഉത്തരവാദിത്വം മറന്ന് സ്വന്തം താത്പര്യങ്ങളുടെ സംരക്ഷണം മാത്രം ലക്ഷ്യം വെച്ച് ഭീകരവാദത്തെ പ്രതിരോധിക്കുക എന്ന പേരില്‍ നടത്തുന്ന ചാരപ്രവൃത്തികള്‍ നിയമപരമായ സകല അതിര്‍ത്തികളും ലംഘിച്ചിരിക്കുകയാണെന്നും ഇത് അമേരിക്കയുടെ വൃത്തികെട്ട മുഖമാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും ചൈനയുടെ ഇന്റര്‍നെറ്റ് മീഡിയ റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചില അമേരിക്കന്‍ കമ്പനികളില്‍ സൈന്യം നടത്തിയ ചാരപ്രവൃത്തികളുടെ പേരില്‍ അഞ്ച് സൈനികര്‍ കുറ്റക്കാരാണെന്ന് അമേരിക്ക കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ഈ നടപടി ആഗോള സൈബര്‍ സുരക്ഷയെ ഭീഷണിയിലാഴ്ത്തിയിരിക്കുകയാണ്. ഇതിന് മുമ്പ് നിരവധി തവണ ചൈനയെ ലക്ഷ്യം വെച്ച് ചാരപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ചൈനീസ് സര്‍ക്കാര്‍, ഇവിടുത്തെ നേതാക്കള്‍, ശാസ്ത്രജ്ഞര്‍, ശാസ്ത്ര സ്ഥാപനങ്ങള്‍, പൗരന്‍മാര്‍, നിരവധി ഫോണ്‍ കോളുകള്‍ എന്നിവ ലക്ഷ്യം വെച്ച് അമേരിക്ക ചാരപ്രവര്‍ത്തനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.