പകര്‍ച്ചവ്യാധി: സര്‍ക്കാര്‍ മൂന്ന് കോടി രൂപ അനുവദിച്ചു

Posted on: May 27, 2014 5:54 am | Last updated: May 27, 2014 at 12:54 am

തിരുവനന്തപുരം: പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് മരുന്നിന്റെ അപര്യാപ്തത പരിഹരിക്കാന്‍ ആരോഗ്യ വകുപ്പിന് സര്‍ക്കാര്‍ മൂന്ന് കോടി രൂപ അനുവദിച്ചു. ഓരോ ജില്ലയിലും നിലവിലുള്ള മരുന്നിന്റെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്കും ഇതു സബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ സ്റ്റോക്ക് കുറവാണെങ്കില്‍ ആവശ്യമുള്ളവ വാങ്ങാനും നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
അടുത്ത മൂന്ന് മാസത്തേക്ക് സംസ്ഥാനത്ത് ഉപയോഗിക്കേണ്ടി വരുന്ന മരുന്നിന്റെ ആവശ്യകത കണക്കിലെടുത്താണ് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഴക്കാലം ആരംഭിക്കുന്നതോടെ പനിയും പകര്‍ച്ചവ്യാധികളും വര്‍ധിക്കുമെന്നതിനാലാണിത്.
നിലവില്‍ സംസ്ഥാനത്തെ പല ജില്ലകളിലും മാലിന്യ പ്രശ്‌നം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ മഴക്കാലമാകുന്നതോടെ മാലിന്യം വെള്ളത്തില്‍ കലര്‍ന്നൊഴുകി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലാണ്. മരുന്നുകളുടെ ആവശ്യവും ആ സമയത്ത് വര്‍ധിക്കും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് സര്‍ക്കാറിന്റെ നീക്കം.
ആരോഗ്യ വകുപ്പും ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ നേരത്തെ ഒരുക്കുന്നുണ്ട്. ആവശ്യത്തിന് മരുന്ന് ശേഖരിച്ചു വെക്കുകയാണ് ആദ്യ പടിയായി ചെയ്യുന്നത്. അതിനുവേണ്ടിയാണ് ഓരോ ജില്ലയിലെ മരുന്ന് സ്റ്റോക്കുകള്‍ പരിശോധിക്കുന്നത്. തെക്കന്‍ ജില്ലകളിലെ ഡ്രഗ് സ്റ്റോര്‍ ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് നേരത്തെ തന്നെ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയതായി ഇളങ്കോവന്‍ പറഞ്ഞു. വടക്കന്‍ ജില്ലകളിലെ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച ഇന്നും നടക്കും.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് മെയ് രണ്ടാം വാരത്തോടെയാണ് മരുന്നുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക. ജൂലൈ രണ്ടാം വാരത്തോടെ മാത്രമേ മരുന്നുകള്‍ സംസ്ഥാനത്തുടനീളം വിതരണം ചെയ്യാന്‍ കഴിയൂ. അതുകൊണ്ട് ജൂണ്‍, ജൂലൈ മാസങ്ങളിലെ മരുന്നിന്റെ അപര്യാപ്തത പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ്.
മൂന്ന് കോടി രൂപയില്‍ ഒരു കോടി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും രണ്ട് കോടി മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്കുമാണ് നല്‍കുന്നത്. മരുന്നുകളുടെ അപര്യാപ്തത മനസ്സിലാക്കുന്നതിന് നടത്തിയ പ്രാഥമിക പരിശോധനയില്‍ 26 മരുന്നുകളുടെ കുറവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവ അതാത് ജില്ലകളില്‍ നിന്നുതന്നെ വാങ്ങാനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 77 മരുന്നുകളുടെ അപര്യാപ്തതയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കണ്ടെത്തിയിട്ടുള്ളത്.