അനാഥാലയത്തിലേക്ക് അന്യ സംസ്ഥാന കുട്ടികള്‍: എട്ട് പേര്‍ അറസ്റ്റില്‍

Posted on: May 27, 2014 6:00 am | Last updated: May 27, 2014 at 12:52 am

പാലക്കാട്/മലപ്പുറം: സംസ്ഥാനത്തെ അനാഥാലയത്തിലേക്ക് വീണ്ടും കുട്ടികളെ കടത്താന്‍ ശ്രമം. മലപ്പുറത്തുള്ള ഓര്‍ഫനേജിലേക്ക് കൊണ്ടുവന്ന 123 കുട്ടികളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.—രണ്ട് സംഭവങ്ങളിലായി ഉത്തരേന്ത്യക്കാരായ എട്ട് പേരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
ബീഹാറിലെ ഭഗല്‍പുര്‍ ജില്ലയിലെ നാഥ് നഗറില്‍ അബ്ദുല്‍ ഹാത്തി അന്‍സാരി(32), ഫൈസുല്ല (26), ബീഹാറിലെ ബാഖ ജില്ലയിലെ മുഹമ്മദ് ആലംഗീര്‍(24), ഝാര്‍ഖണ്ഡിലെ ഘൊഡ്ഡ ജില്ലക്കാരനായ മുഹമ്മദ് ബ്രിഷ് ആലം(31) എന്നിവരെ 456 കുട്ടികളെ കടത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്്.
പശ്ചിമ ബംഗാളിലെ മാര്‍ദ ജില്ലക്കാരായ അബൂബക്കര്‍(50), മന്‍സൂര്‍(42), ജാഹിര്‍(56), ബക്കര്‍(49) എന്നിവരെയാണ് പുതിയ സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇനി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കേസിനൊപ്പം ചേര്‍ക്കും.—
അറസ്റ്റിലായവരെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.—സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കോഴിക്കോട് മുക്കത്തെ അനാഥാലയത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച 455 കുട്ടികളെ ശനിയാഴ്ച റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് രേഖകളുള്ള 156 കുട്ടികളെ ഞായറാഴ്ച കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും കുട്ടികളെ കൊണ്ടുവന്നത് പിടികൂടിയത്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഗുവാഹത്തി-തിരുവനന്തപുരം എക്‌സ്പ്രസില്‍ നിന്നാണ് സംശയം തോന്നി ഇവരെ കസ്റ്റഡിയിലെടുത്തത്.—ആറിനും 14നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയാണ് കൊണ്ടുവന്നത്. ഇവരില്‍ 64 കുട്ടികള്‍ക്ക് യത്തീംഖാന നല്‍കിയ തിരിച്ചറിയല്‍ രേഖകളുണ്ട്.
പരിശോധനയില്‍ കൃത്യമായ രേഖകളില്ലാത്തതിനാല്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് മലപ്പുറം ശിശുക്ഷേമ സമിതി അധികൃതരെ വിവരമറിയിക്കുകയും കുട്ടികളെ കൈമാറുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 6.30ഓടെ രണ്ട് ബസുകളിലായി മലപ്പുറം കലക്ടറേറ്റിലെത്തിച്ച കുട്ടികളില്‍ പലരും അവശരായിരുന്നു. കുട്ടികള്‍ക്ക് ശിശുക്ഷേമ സമിതി അധികൃതര്‍ ഭക്ഷണം നല്‍കുകയും കൂടെയുണ്ടായിരുന്ന ബംഗാള്‍ സ്വദേശികളായ രണ്ട് അധ്യാപകരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കുട്ടികളെ രാത്രി പത്ത്മണിയോടെ തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
123 കുട്ടികളില്‍ 64 പേര്‍ വെട്ടത്തൂര്‍ എ എം യു പി സ്‌കൂളില്‍ പഠിക്കുന്നതായുള്ള രേഖ സ്‌കൂള്‍ അനാഥാലയ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. വേനലവധിക്ക് നാട്ടില്‍ പോയ വിദ്യാര്‍ഥികളാണ് 64 പേരെന്നും ബാക്കിയുള്ളവര്‍ പുതുതായി എത്തിയവരാണെന്നുമാണ് അനാഥലയ നടത്തിപ്പുകാര്‍ പറയുന്നത്. ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷിച്ചതിന് ശേഷം ചേരുന്ന സിറ്റിംഗില്‍ തീരുമാനമെടുക്കും. രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്തെ അനാഥാലയിലേക്കും ഇത്തരത്തില്‍ 456 കുട്ടികളെ കൊണ്ടുവന്നിരുന്നു. അനാഥാലയങ്ങളുടെ പേരില്‍ കുട്ടികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍, സാമ്പത്തിക ലാഭം, കുട്ടികളെ കൊണ്ടുവരുന്നതിനുള്ള അനുമതി എന്നിവ അന്വേഷിക്കാന്‍ മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത്, അംഗങ്ങളായ നജ്മല്‍ ബാബു, എം മണികണ്ഠന്‍, ഹാരിസ് പഞ്ചിളി, സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ മൂര്‍ത്തി, ചെല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരായ മുഹ്‌സിന്‍ പരി, രാജു കൃഷ്ണന്‍, രജീഷ് ബാബു എന്നിവരുടെ മേല്‍നോട്ടത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടികളെ തൃശൂരിലേക്ക് മാറ്റിയത്.
ഇത്രയധികം കുട്ടികളെ കൂട്ടത്തോടെ മാറ്റുന്നത് നിയമലംഘനമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ ഫാ. ഡോ. ജോസ് പോള്‍ അറിയിച്ചു.
കുട്ടികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വിശദമായി അന്വേഷണം നടത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.