ജയലളിതക്കെതിരായ വിചാരണ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവ്‌

Posted on: May 27, 2014 6:21 am | Last updated: May 27, 2014 at 12:21 am

ന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ വിചാരണ പത്ത് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ബംഗളൂരു കോടതിയിലെ വിചാരണ നടപടികള്‍ താത്കാലികമായി സ്റ്റേ ചെയ്യാനാണ് ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍, എ കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടത്്. എന്നാല്‍ ഇതേ കോടതിയിലെ സിവില്‍ നടപടിക്രമങ്ങള്‍ തുടരും. ജയലളിതയുടെ വരവില്‍ കവിഞ്ഞ സ്വത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ വിവിധ കമ്പനികളുടെ സ്വത്ത് വകകള്‍ യഥാര്‍ഥത്തില്‍ അവരുടെതല്ലെന്ന് കാണിച്ച് കമ്പനികള്‍ നല്‍കിയ ഹരജികളിലാണ് സിവില്‍ നടപടിക്രമങ്ങള്‍ നടക്കുന്നത്. കേസില്‍ ജൂണ്‍ ആറിന് വീണ്ടും വാദം കേള്‍ക്കും.
ജയലളിത സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജനറലിന് ബഞ്ച് നോട്ടീസയച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാറാണ് ജയലളിതക്ക് വേണ്ടി ഹാജരായത്. ജയലളിതക്കെതിരായ കേസ് സ്റ്റേ ചെയ്യാനാകില്ലെന്നായിരുന്നു ഈ മാസം 13ന് സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചിരുന്നത്.
ലെക്‌സ് പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരജി കീഴ്‌ക്കോടതി തീര്‍പ്പാക്കും വരെ കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നായിരുന്നു ജയലളിതയുടെ ആവശ്യം. ഈ കമ്പനിയുടെ സ്വത്ത് വകകള്‍ ജയലളിതയുടെ ബിനാമിയാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഇത് തെറ്റായ നിഗമനമാണെന്നും ഇക്കാര്യത്തിന് തെളിവുകളുടെ പിന്‍ബലമില്ലെന്നും വാദിച്ച് കമ്പനി നല്‍കിയ ഹരജിയായിരിക്കും കീഴ്‌ക്കോടതി ആദ്യം പരിഗണിക്കുക. ഈ വിധി ജയലളിതയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. ഇതില്‍ കമ്പനിയുടെ വാദം കോടതി അംഗീകരിച്ചാല്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ നിന്ന് ജയലളിതക്ക് രക്ഷപ്പെടാന്‍ സാധ്യതയേറും. ഈ പശ്ചാത്തലത്തിലാണ് ജയലളിത സ്റ്റേ ഹരജി നല്‍കിയത്. കമ്പനിയുടെ സ്വത്ത് അറ്റാച്ച് ചെയ്തതിനെതിരെ പുതിയ ഏതാനും സാക്ഷികളെ ക്രോസ് വിസ്തരത്തിന് വിധേയരാക്കണമെന്ന് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ചെന്നൈയില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്നും അതുകൊണ്ട് കേസ് അവിടെ നിന്ന് മാറ്റണമെന്നുമുള്ള ജയലളിതയുടെ വാദം അംഗീകരിച്ച സുപ്രീം കോടതി 2003ലാണ് കേസ് ബംഗളൂരുവിലേക്ക് മാറ്റിയത്. കണക്കില്‍ പെടാത്ത 66 കോടി സമ്പാദിച്ചുവെന്നാണ് ജയലളിതക്കെതിരായ കേസ്.
അവരെക്കൂടാതെ വി കെ ശശികല, വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരാണ് വിചാരണ നേരിടുന്നത്.