Connect with us

Editorial

ഇനി നരേന്ദ്ര മോദി

Published

|

Last Updated

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറുകയാണ്. കൃത്യമായ ജനവിധിയുടെ പിന്‍ബലത്തോടെയാണ് അദ്ദേഹം ഭരണത്തലവനാകുന്നത്. കൂട്ടുകക്ഷി സമ്മര്‍ദങ്ങളില്ല. അസ്ഥിരതയുടെ പ്രശ്‌നം ഉദിക്കുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലിരുന്ന് സമ്പാദിച്ച ഭരണപരിചയമുണ്ട് അദ്ദേഹത്തിന്. കടുത്ത വിമര്‍ശത്തിന്റെ ഇരുട്ടും ഊതിപ്പെരുപ്പിച്ച പ്രശംസയുടെ വര്‍ണവെളിച്ചവും അദ്ദേഹത്തെ ചൂഴ്ന്നു നില്‍ക്കുന്നു. അദ്ദേഹം കടന്നു വരുമ്പോള്‍ അങ്ങേയറ്റത്തെ ആശങ്ക പങ്ക് വെക്കപ്പെടുന്നുണ്ട്. രാജ്യത്തിന്റെ ഭാഗധേയം മാറ്റിപ്പണിയുമെന്ന പ്രതീക്ഷയും അന്തരീക്ഷത്തില്‍ നിറയുന്നു. ഈ ദ്വന്ദങ്ങളില്‍ ഏതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത് എന്നത് വരും കാലം തെളിയിക്കും.
അദ്ദേഹത്തെ അധികാരത്തിലേറ്റിയ ഒരു പ്രധാന ഘടകം തീവ്രഹിന്ദുത്വ വികാരമാണ്. പഴുതടച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളും അധികാരത്തിലേക്കുള്ള വഴിയൊരുക്കിക്കൊടുത്തു. എന്നാല്‍ അതിനേക്കാള്‍ പതിന്‍മടങ്ങ് പ്രാധാന്യമേറിയതാണ് യു പി എ സര്‍ക്കാറിന്റെ കെടുകാര്യസ്ഥത. മന്‍മോഹന്‍ സിംഗിന്റെ കൂടെ മന്ത്രിയായവരും സഹമന്ത്രിയായവരും കോണ്‍ഗ്രസ് നേതാക്കളും ഇന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് അവരുടെ ഭരണത്തിന്റെ “മേന്‍മ”യാണല്ലോ. കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കനുസരിച്ച് ഭരിച്ചതാണ് വിനയായതെന്ന് രമേശ് ചെന്നിത്തല പറയുന്നു. മന്ത്രിമാര്‍ അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ ജനങ്ങളില്‍ നിന്ന് അകന്നുവെന്നും സഹമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് പറയുന്നു. ഇന്ധന വില ഇടക്കിടക്ക് കൂട്ടിയതാണ് തോല്‍വിക്ക് കാരണമെന്ന് ഭക്ഷ്യ മന്ത്രിയായിരുന്ന കെ വി തോമസ് വിലപിക്കുന്നു.
ഇവിടെ അധികാരം കരഗതമായ ഈ നിമിഷത്തില്‍ മോദിക്ക് തീരുമാനിക്കാം ഈ വിജയ ഘടകങ്ങളില്‍ ഏതായിരിക്കണം തന്നെ മുന്നോട്ട് നയിക്കേണ്ടതെന്ന്. തിരഞ്ഞെടുപ്പ് ഗോദയില്‍ ഉത്പാദിപ്പിച്ച വികാരങ്ങളെ ഇനിയും കത്തിച്ച് നിര്‍ത്തുന്ന തുടര്‍നടപടികളിലേക്ക് അദ്ദേഹത്തിന് പോകാം. തന്ത്രങ്ങളും പ്രദര്‍ശനപരതയും ആവര്‍ത്തിക്കാം. വിവാദ വിഷയങ്ങളില്‍ കൈ വെച്ച് വാര്‍ത്തകളില്‍ നിറയാം. പാര്‍ട്ടിയിലെ എല്ലാ എതിര്‍സ്വരങ്ങളെയും അടിച്ചമര്‍ത്തി തന്നെ തലപ്പത്തേക്ക് ആനയിച്ച വലിയ യജമാനന്‍മാരോടുള്ള കടമ നിര്‍വഹിക്കാം. അതുവഴി അധികാരത്തുടര്‍ച്ച തന്നെ സാധ്യമായേക്കാം. പക്ഷേ, അങ്ങനെ വരുമ്പോള്‍ ഒരു വിഭാഗത്തിന്റെ പ്രധാനമന്ത്രിയായി അദ്ദേഹം അധഃപതിക്കും. പ്രതീക്ഷകളുടെ നാമ്പുകള്‍ അരിഞ്ഞു കളഞ്ഞ് വിഭജനത്തിന്റെ വിത്ത് വിതച്ച കാര്‍ക്കശ്യക്കാരനായി അദ്ദേഹത്തെ ചരിത്രം വിധിക്കും. ഇത്തരമൊരു വിധിക്ക് അദ്ദേഹം തല വെച്ച് കൊടുക്കില്ലെന്ന് തന്നെയാണ് കരുതുന്നത്. തീര്‍ച്ചയായും മോദിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
തന്റെ മുന്‍ഗാമികളുടെ വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുന്ന ഭരണാധികാരിയെയാണ് ജനം കാത്തിരിക്കുന്നത്. മാറ്റം അനിവാര്യമായും കാണേണ്ടത് സാമ്പത്തിക നയത്തിലാണ്. വിപണിക്ക് കീഴ്‌പ്പെട്ട സാമ്പത്തിക ക്രമത്തെ ഭരണകൂടത്തിന്റെ വരുതിയിലേക്ക് കൊണ്ടുവരണം. ഇന്ധന വിലയടക്കമുള്ളവയുടെ ചരടുകള്‍ തിരിച്ചു പിടിക്കണം. ഇടത്തരക്കാര്‍ക്കും വരേണ്യര്‍ക്കും മാത്രമായി നയങ്ങള്‍ തീറെഴുതുന്നതാണ് പ്രശ്‌നം. സാധാരണ മനുഷ്യര്‍ക്ക് ആശ്വാസം പകരാത്ത ഒരു ഭരണകൂടത്തിനും നിലനില്‍ക്കാനുള്ള അര്‍ഹതയില്ലെന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കണം. കൃഷിക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില കിട്ടണം. കൊള്ളപ്പലിശയുടെ വിഷമവൃത്തത്തില്‍ അകപ്പെട്ട് അവര്‍ ആത്മഹത്യ ചെയ്യുന്ന ഗതിവരരുത്. അതിന് അവധിവ്യാപാരവും കോര്‍പറേറ്റ് ഭീമന്‍മാരുടെ സംഭരണവും അവസാനിപ്പിക്കണം. സബ്‌സിഡി വേണ്ടിടത്ത് വേണ്ടവര്‍ക്ക് നല്‍കുക തന്നെ വേണം. വിദേശ നിക്ഷേപം വേണം. പക്ഷേ, അത് സ്വദേശികളെ കുത്തുപാളയെടുപ്പിച്ചു കൊണ്ടാകരുത്.
സാമ്പത്തിക വളര്‍ച്ചയെന്നത് വെറും കണക്കിലെ കളിയാകരുത്. വന്‍കിടക്കാര്‍ മാത്രം വളര്‍ന്നാലും വളര്‍ച്ചാ നിരക്ക് ഉയരും. ഓഹരി വിപണിയില്‍ സൂചകങ്ങള്‍ ഉയര്‍ന്നു നിന്നാല്‍ സാമ്പത്തിക നില ഭദ്രമെന്ന് നിഗമനത്തില്‍ എത്താനുമാകും. പക്ഷേ, അത് യഥാര്‍ഥ വളര്‍ച്ചയല്ലെന്ന് മനസ്സിലാക്കാന്‍ മോദിയുടെ സര്‍ക്കാറിന് സാധിക്കുന്നില്ലെങ്കില്‍ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ല, “പഴയ താടിക്കാരന്‍ പോയി; പുതിയ താടിക്കാരന്‍ വന്നു” എന്നേ ജനം വിധിയെഴുതൂ. മോദി വിജയശ്രീലാളിതനായതിന് പിറകേ വിപണിയിലെ സൂചകാങ്കങ്ങള്‍ മുഴുവന്‍ പുരപ്പുറമേറിയത് വെറുതയല്ല. നവ ഉദാരവത്കരണ നയങ്ങള്‍ മന്‍മോഹന്‍ സിംഗിനേക്കാള്‍ അക്രമോത്സുകമായി നടപ്പാക്കുമെന്ന പ്രതീക്ഷയിലായിരുന്നു അത്. ഉത്തമ ജനതാത്പര്യത്തിന്റെ പേരില്‍, നയപരമായ ഈ ബാധ്യതയില്‍ നിന്ന് അല്‍പ്പമെങ്കിലും തിരിഞ്ഞു നടക്കാന്‍ മോദിക്ക് നെഞ്ചുറപ്പുണ്ടോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
വിജയിച്ചു വന്ന മോദി പറയുന്നത് കേട്ടു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണുമെന്ന്. ആരും പ്രത്യേക പരിഗണന പ്രതീക്ഷിക്കേണ്ടെന്നും പറഞ്ഞു. കേട്ടാല്‍ മനോഹരമെന്ന് തോന്നാവുന്ന ആ വാക്കുകള്‍ അങ്ങേയറ്റം അപകടകരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒട്ടും യാഥാര്‍ഥ്യ ബോധമില്ലാത്ത പ്രസ്താവനയാണ് അത്. ഇവിടെ ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍, മറ്റു പിന്നാക്കക്കാര്‍ തുടങ്ങിയവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. ചരിത്രപരമായി പിന്തള്ളപ്പെട്ട് പോയവരാണ് അവര്‍. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അതാണ് അടിവരയിടുന്നത്. വികസനത്തിന്റെ മുഖ്യധാരയില്‍ നിന്ന് തള്ളിമാറ്റപ്പെട്ടവര്‍. അവര്‍ക്ക് സംവരണത്തിന്റെ കൈത്താങ്ങ് വേണം. പ്രത്യേക അവകാശങ്ങള്‍ വേണം. സംരക്ഷണത്തിനായുള്ള വിവേചനമാണ് അത്- പ്രൊട്ടക്ടീവ് ഡിസ്‌ക്രിമിനേഷന്‍. ഇന്ത്യക്ക് വേണ്ടത് യൂനിറ്റിയാണ്, യൂനിഫോമിറ്റിയല്ല. മോദി, അങ്ങയില്‍ വിവേകവും ആര്‍ദ്രതയും പ്രകാശിക്കട്ടെ.

---- facebook comment plugin here -----

Latest