പുതിയ ഉടമസ്ഥന്‍

Posted on: May 26, 2014 6:00 am | Last updated: May 26, 2014 at 9:47 pm

narendra modi 3”സ്വാതന്ത്ര്യവും തിരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ടെന്ന തോന്നല്‍ ജനിപ്പിക്കാന്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍. യഥാര്‍ഥത്തില്‍ അതൊന്നും നിങ്ങള്‍ക്കില്ല. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശമില്ല. നിങ്ങള്‍ക്ക് ഉടമസ്ഥരാണുള്ളത്. രാഷ്ട്രീയക്കാര്‍ നിങ്ങളുടെ ഉടമകളാണ്, എല്ലാറ്റിന്റെയും ഉടമകളാണ്. കണ്ണായ ഭൂമിയുടെ, കോര്‍പറേഷനുകളുടെ എല്ലാം… ജഡ്ജിമാരെ പിറകിലെ പോക്കറ്റിലാക്കാന്‍ അവര്‍ക്കായിരിക്കുന്നു. വലിയ മാധ്യമ കമ്പനികളുടെയെല്ലാം ഉടമകള്‍ അവരാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് മുന്നിലെത്തുന്ന വാര്‍ത്തകളെയും വിവരങ്ങളെയും അവര്‍ നിയന്ത്രിക്കുന്നു” – നടനും എഴുത്തുകാരനും ചിന്തകനുമായ ജോര്‍ജ് ഡെനിസ് പാട്രിക് കാര്‍ലിന്‍ പറയുന്നത് അമേരിക്കയിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. എങ്കിലും ഈ നിരീക്ഷണത്തിലെ ഭൂരിഭാഗവും സാര്‍വലൗകികമായി ശരിയാണ്. അമേരിക്കയുടെതിന് സമാനമായ സാമ്പത്തിക നയ പരിപാടികള്‍ പിന്തുടരുന്ന, വരും ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമായി പിന്തുടരാനിരിക്കുന്ന ഇന്ത്യന്‍ യൂനിയനെ സംബന്ധിച്ച് വലിയ ശരിയുമാണ്. പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാറിനാണെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ വിധി പുറപ്പെടുവിച്ച ശേഷം ഉടമ രാഷ്ട്രീയ നേതാക്കളാണെങ്കിലും (സര്‍ക്കാര്‍) ലാഭമെടുക്കേണ്ടത് കോര്‍പറേറ്റുകളാണെന്ന തത്വം രാജ്യത്ത് നടപ്പായെന്ന വ്യത്യാസം മാത്രം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ, ഇത്രയും കാലം അമൂര്‍ത്തമായിരുന്ന ഉടമക്ക് മൂര്‍ത്ത രൂപം ലഭിക്കുമെന്ന് തന്നെ കരുതണം. ഉടമാവകാശം സ്ഥാപിച്ചെടുക്കുന്നത് എങ്ങനെ എന്ന് ഇതിനകം മോദി, കാട്ടിത്തന്നിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ ഭരണം നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും അധികാരം ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഒരു വ്യാഴവട്ടത്തിലേറെയായി ഗുജറാത്തില്‍ കണ്ടത്. ബി ജെ പി എന്ന പാര്‍ട്ടി അവിടെ അപ്രസക്തമായി. പാര്‍ട്ടിയുടെ നയങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുകയല്ല, മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് പാര്‍ട്ടിയുടെ നയമാകുന്ന രീതിയാണ് ഗുജറാത്തില്‍ കണ്ടത്. വിവിധ വകുപ്പുകളില്‍ പേരിന് മന്ത്രിമാരുണ്ടായിരുന്നുവെങ്കിലും തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ എടുത്തു. തന്റെ വകുപ്പിലെ കാര്യങ്ങള്‍ താനറിയാതെ തീരുമാനിച്ചതിലെ അതൃപ്തി മന്ത്രിസഭാ യോഗത്തില്‍ പ്രകടിപ്പിക്കാന്‍ ഒരു മന്ത്രി തയ്യാറായി. അതിന് ശേഷവും ഭരണ രീതിയില്‍ മാറ്റമുണ്ടായില്ല, പിന്നീട് മന്ത്രിമാര്‍ക്കാര്‍ക്കും അതൃപ്തിയുണ്ടായില്ലെന്ന് മാത്രം. മുഖ്യമന്ത്രിക്കസേരയിലെ പിന്‍ഗാമിയെ തീരുമാനിച്ചപ്പോഴും ഉടമയുടെ വേഷത്തില്‍ മോദിയുണ്ടായിരുന്നു.
2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ബി ജെ പിയുടെ ആകെ ഉടമാവകാശം നേടിയെടുക്കാനായിരുന്നു നരേന്ദ്ര മോദിയുടെ ശ്രമം. അത് വിജയിക്കുന്ന കാഴ്ചയാണ് ഒന്നര വര്‍ഷത്തിനിടെ രാജ്യം കണ്ടത്. ബി ജെ പിയുടെ സ്ഥാപക നേതാക്കളിലൊരാളും തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ കാര്യത്തില്‍ മോദിയുടെ ഗുരുവര്യനുമായ എല്‍ കെ അഡ്വാനിക്ക്, ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ മോദിയുടെ കൃപാകടാക്ഷം വേണ്ടിവന്നു. മുഹമ്മദലി ജിന്ന മതനിരപേക്ഷ നിലപാടുള്ള നേതാവായിരുന്നുവെന്ന പ്രസ്താവനയുടെ പേരില്‍ അഡ്വാനിയെ ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നേതൃത്വം പോലും മോദിയെ ഉടമസ്ഥനായി അംഗീകരിച്ചിരിക്കുന്നു. ജനസംഘിന്റെ സ്വപ്‌നം സഫലമാകുന്ന മുഹൂര്‍ത്തം കാണാനുള്ള ഭാഗ്യം നരേന്ദ്ര ‘ഭായ്’ മോദിയുടെ ‘കൃപ’ കൊണ്ടുണ്ടായിരിക്കുന്നുവെന്ന് ഇടറിയ തൊണ്ടയോടെ അഡ്വാനിക്ക് പറയേണ്ടിവന്നത്, അധീശത്വം പൂര്‍ണമായെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. ‘കൃപ’ എന്ന വാക്കുപയോഗിക്കരുതെന്ന് കണ്ണീരണിഞ്ഞ നാടകം, വിനയത്തിന്റെ പ്രകടനമായല്ല മറിച്ച് ഉടമസ്ഥത അംഗീകരിക്കപ്പെട്ടതിന്റെ നന്ദിപ്രകടനമായി വേണം കണക്കാക്കാന്‍. സത്യപ്രതിജ്ഞയുടെ തലേന്ന് വരെ, തന്റെ മന്ത്രിസഭയുടെ അംഗബലമോ പ്രാതിനിധ്യമോ സംബന്ധിച്ച് യാതൊരു സൂചനയും നല്‍കാതിരിക്കാന്‍ മോദി ശ്രദ്ധിച്ചിരുന്നു. ഉടമയുടെ ഇംഗിതമറിയാതെ ഉഴറുന്ന കൂട്ടമായി ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് അടക്കമുള്ള നേതാക്കള്‍. ഇന്ത്യന്‍ യൂനിയനിലെ ജനങ്ങള്‍ക്ക് സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ മോദി നല്‍കുന്ന സൂചനയാണിത്. പ്രചാരണ പ്രസംഗങ്ങളിലൊക്കെ പറഞ്ഞിരുന്നത് പോലെ ‘ഞാന്‍ തീരുമാനിക്കും, ഞാന്‍ നടപ്പാക്കും’ എന്ന വാഗ്ദാനം പാലിക്കാന്‍ പോകുകയാണെന്ന സൂചന. അത്തരമൊരു ഫാസിസ്റ്റ് ശൈലി തന്നെയാണ് തങ്ങളുടെ യഥാര്‍ഥ അജന്‍ഡ നടപ്പാക്കുന്നതിനുള്ള മാര്‍ഗമെന്ന് ആര്‍ എസ് എസ് നേതൃത്വവും കരുതുന്നുണ്ട്. അതുകൊണ്ടാണ് മോദിയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊടുക്കാന്‍ അവര്‍ തീരുമാനിച്ചതും.
സത്യപ്രതിജ്ഞയിലേക്ക് സാര്‍ക്കിലെ അംഗരാജ്യങ്ങളുടെ മുഴുവന്‍ തലവന്‍മാരെയും ക്ഷണിച്ച്, അധികാരമേറും മുമ്പ് തന്നെ പ്രതിച്ഛായ സൃഷ്ടിക്ക് മോദി ശ്രമം തുടങ്ങി. 2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം, അന്താരാഷ്ട്ര തലത്തില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ട് ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി. ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദിക്ക് വിസ നല്‍കാന്‍ അമേരിക്കയും ഇംഗ്ലണ്ടുമൊക്കെ ഇനി നിര്‍ബന്ധിതമാകും. അപ്പോഴും വംശഹത്യക്ക് അധ്യക്ഷത വഹിച്ച ഭരണാധികാരിയെന്ന പേരുദോഷം നിലനില്‍ക്കും. അതിലൊരു മാറ്റമുണ്ടാകണമെങ്കില്‍ അയല്‍ രാജ്യങ്ങളുമായി പ്രത്യേകിച്ച് പാക്കിസ്ഥാനുമായി നല്ല ബന്ധമുണ്ടാക്കേണ്ടത് അനിവാര്യമെന്ന് അദ്ദേഹം കരുതുന്നുണ്ടാകണം. അതുകൊണ്ടാണ് അധികാരമേല്‍ക്കും മുമ്പ് നയതന്ത്ര നീക്കം തുടങ്ങിവെച്ചത്. മോദി സര്‍ക്കാര്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കിയാകും അതിനോടുള്ള നിലപാട് തീരുമാനിക്കുക, അധികാരത്തിന്റെ ആദ്യ നാളുകളില്‍ തീവ്രഹിന്ദുത്വ – വിഭാഗീയ അജന്‍ഡകളില്‍ മോദി കൈവെക്കാനിടയില്ല എന്നൊക്കെ പൊതു നിലപാട് സ്വീകരിക്കുന്നവര്‍ക്കും ഉത്തേജനം നല്‍കുന്നതാണ് ഈ നയതന്ത്ര നീക്കം.
ഇത്തരം നിലപാടുകളിലേക്ക് വേഗത്തില്‍ എത്തുന്നതില്‍, തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്നതുപോലുള്ള രാഷ്ട്രീയ ജാഗ്രതയില്ലായ്മയുണ്ട്. ഉടമസ്ഥത സ്ഥാപിച്ചെടുക്കാന്‍ മോദി നടത്തിയ നീക്കങ്ങളും അതില്‍ കൈവരിച്ച വിജയവും വേണ്ടത്ര സൂക്ഷ്മതയോടെ വിശകലനം ചെയ്യാത്തത് മൂലമുള്ള ജാഗ്രതയില്ലായ്മ. വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക്, ഇന്ത്യന്‍ യൂനിയനിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരിക്കെപ്പോലും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ സഹായം ഉറപ്പാക്കാന്‍ മോദിക്ക് സാധിച്ചിരുന്നു. ആന്ധ്രാ പ്രദേശിനെയും മഹാരാഷ്ട്രയെയും രാജസ്ഥാനെയും പോലുള്ള സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. അത്തരമൊരാളുടെ കൈകളിലേക്ക് ഇന്റലിജന്‍സ് ബ്യൂറോയുടെ നിയന്ത്രണമെത്തുമ്പോള്‍, നല്ല ഉടമസ്ഥനായി അഭിനയിക്കാന്‍ ആദ്യ നാളുകളിലെങ്കിലും മോദി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാന്‍ അനുവദിക്കുന്നില്ല. വര്‍ഗീയവിഷം മനസ്സില്‍ നിറഞ്ഞ ഇത്തരം ഉദ്യോഗസ്ഥര്‍, പ്രത്യേക നിര്‍ദേശമൊന്നുമില്ലാതെ തന്നെ ഉടമക്ക് പാദസേവ ചെയ്യുമെന്നതില്‍ തര്‍ക്കം വേണ്ട.
നീതിന്യായ സംവിധാനത്തെ സംഘ കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന കാഴ്ചയും ഗുജറാത്തില്‍ കണ്ടു. വംശഹത്യയുള്‍പ്പെടെ മോദി ഭരണകൂടത്തിനെതിരായ കേസുകളിലൊക്കെ, പ്രോസിക്യൂഷന്റെ ചുമതലയുണ്ടായിരുന്ന അഭിഭാഷകന്‍ എല്ലാ രേഖകളും സംഘ് ബുദ്ധിജീവിക്ക് കൈമാറി വേണ്ട ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് യാതൊരു അന്വേഷണവും രാജ്യത്തെ നീതിന്യായ സംവിധാനമോ കേന്ദ്ര ഭരണകൂടമോ നടത്തിയതുമില്ല. തെളിവ് നശിപ്പിച്ചും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തിയും കേസുകള്‍ അട്ടിമറിച്ചതിന് പുറമെയാണ് പുതിയ പാത, ഗുജറാത്ത് ഭരിക്കുമ്പോള്‍ മോദി തുറന്നുവെച്ചത്. ഈ മാതൃക നടപ്പാക്കാന്‍ പാകത്തില്‍ ‘സത്യസന്ധ’രായ അഭിഭാഷകരെ ഡല്‍ഹിയിലും മോദിക്ക് ലഭിക്കുമെന്ന് ഉറപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ, മോദിയെ പ്രധാനമന്ത്രിയായി കരുതിയിരുന്ന മാധ്യമങ്ങളാണ് രാജ്യത്ത് ഭൂരിഭാഗവുമെന്നതിനാല്‍ അവയുടെ ഉടമസ്ഥത ഏറ്റെടുക്കേണ്ട ആവശ്യമേ വരുന്നില്ല. മോദി പ്രധാനമന്ത്രിയാകാന്‍ യത്‌നിച്ച, മുമ്പ് മന്‍മോഹന്‍ സിംഗിന്റെ ബംഗ്ലാവിലേക്ക് മുന്‍കൂര്‍ അനുമതി വാങ്ങാതെ പ്രവേശിക്കാന്‍ അവകാശമുണ്ടായിരുന്ന, കോര്‍പറേറ്റുകള്‍ മാധ്യമങ്ങളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ പ്രത്യേകിച്ചും.
അദാനി ഗ്രൂപ്പിന് ഗുജറാത്തില്‍ നല്‍കിയ ആനുകൂല്യങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനും അംബാനി, ടാറ്റ, എസ്സാര്‍ തുടങ്ങിയ വന്‍കിടക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കാനും മോദി ശ്രമിക്കുമെന്നത് ഉറപ്പ്. സാമ്പത്തിക പരിഷ്‌കരണം തുടരുന്നതിന്റെ ഭാഗമായി വിദേശ മൂലധനത്തിന്റെ ഒഴുക്കിന് നിലവിലുള്ള ചെറിയ നിയന്ത്രണങ്ങള്‍ കൂടി നീക്കി നല്‍കുമെന്നും കരുതണം. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക് കൈമാറുന്നതിന്റെ വേഗവും കൂട്ടും. ഇടത് തീവ്രവാദികളെ ഉന്‍മൂലനം ചെയ്ത്, വ്യവസായികളെ ധാതുസമ്പത്തുള്ള ഭൂമിയുടെ അവകാശികളാക്കി മാറ്റാനും ശ്രമിക്കും. വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍, സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് സമാന്തരമാകുമ്പോള്‍, രാജ്യത്തിനകത്തും പുറത്തും വലിയ ശ്രദ്ധാ കേന്ദ്രമാകില്ല. ഉയരുന്ന ജി ഡി പിയെയും വലിയ കമ്പോളം കൂടുതലായി തുറന്നു കിട്ടുന്നതിനെയും പ്രധാനമായി കാണുന്നവര്‍ക്ക് അതൊന്നും പ്രശ്‌നവുമാകില്ല. അതൊരു ന്യൂനപക്ഷത്തിന്റെ (ന്യൂനപക്ഷമെന്നത് സമുദായ അടിസ്ഥാനത്തിലല്ല) പ്രശ്‌നം മാത്രമായി ചുരുങ്ങും. അവര്‍ക്ക് ആശയപ്രകാശനം വലിയ വെല്ലുവിളിയാകുകയും ചെയ്യും. വിമര്‍ശങ്ങളെ ഡോ. മന്‍മോഹന്‍ സിംഗ് സ്വീകരിച്ചത് പോലെയാകില്ല, പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന നരേന്ദ്ര മോദി സ്വീകരിക്കുക. ആ വിമര്‍ശങ്ങള്‍, ദേശീയതക്കെതിരായ നീക്കങ്ങളായോ രാജ്യസ്‌നേഹത്തിനുള്ള ലിറ്റ്മസ് ടെസ്റ്റായോ പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപ്രഖ്യാപിതമായി അത്തരമൊരു അവസ്ഥ നിലവില്‍ വന്നോ എന്നത് പോലും സംശയിക്കണം.
ലോക്‌സഭയില്‍ 414 സീറ്റ് നേടിയാണ് 1984ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ നശിക്കുക സ്വാഭാവികമെന്ന്, സിഖ് വംശഹത്യയെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ പ്രധാനമന്ത്രിയായിരിക്കെയും തുടര്‍ന്നും എന്തിന് മരണശേഷവും രാജീവ് വിമര്‍ശിക്കപ്പെട്ടു. നീതിയുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്ക് ആ വിമര്‍ശം ഒഴിവാക്കാന്‍ സാധിക്കില്ല. ഘടകകക്ഷികളുടെത് ഒഴിവാക്കിയാല്‍ 282 സീറ്റിന്റെ ബലത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, 2002ലെ ഗുജറാത്ത് വംശഹത്യയുടെ നടത്തിപ്പില്‍ പങ്കുണ്ടെന്ന ആരോപണം (നിയമപരമായി തന്നെ) നേരിടുന്ന വ്യക്തിയാണിദ്ദേഹമെന്ന് ഉറക്കെ ഓര്‍മിക്കാന്‍ ആരെങ്കിലും തയ്യാറാകുന്നുണ്ടോ? ഭീതിയുടെ ലക്ഷണം അതുതന്നെയാണ്. വംശഹത്യാനന്തരം സൃഷ്ടിക്കപ്പെട്ട ഭീതിയുടെ അന്തരീക്ഷമാണ് ഗുജറാത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്താന്‍ മോദിയെ സഹായിച്ചത്. പാര്‍ട്ടിയെയും ഭരണസംവിധാനത്തെയുമാകെ കൈപ്പിടിയിലൊതുക്കാന്‍ ഉപയോഗിച്ചതും അതുതന്നെയാണ്. രാജ്യത്ത് ഭീതിയുടെ തടവറയൊരുക്കാന്‍ പല വഴികള്‍ മുന്നിലുണ്ട് പുതിയ ഉടമസ്ഥന്.
”ഫാസിസത്തെ കുറേക്കൂടി കൃത്യമായി കോര്‍പറേറ്റിസമെന്ന് വിളിക്കാം, കാരണം അത് ഭരണകൂടത്തിന്റെയും കോര്‍പറേറ്റ് അധികാരത്തിന്റെയും ലയനമാണ്” എന്ന ബെനിറ്റോ മുസോളിനിയുടെ വാക്കുകളാകും ഇനിയങ്ങോട്ട് കൂടുതല്‍ ഓര്‍ക്കേണ്ടിവരിക.