Connect with us

Ongoing News

സ്പാനിഷ് പ്രതിരോധത്തിലെ മിന്നല്‍

Published

|

Last Updated

ചിലരങ്ങിനെയാണ്, ഒട്ടും പ്രതീക്ഷിക്കാത്ത അവസരങ്ങളില്‍ വന്ന് കളിയുടെ അതുവരെയുള്ള ഗതിയെ മുഴുവനായും മാറ്റിമറിച്ച് കളയും. ഈയൊരു കളിക്കാരന്റെ മിന്നല്‍ നീക്കമൊന്നു മതി എതിരാളിയെ കണ്ണീരിലാഴ്ത്താന്‍. ലോകത്തിലെ പ്രതിരോധ താരങ്ങളില്‍ ഏറ്റവും മികച്ചവനെന്ന പട്ടം സെര്‍ജിയോ റാമോസിനെ തേടിയെത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. എന്നിട്ടും റാമോസില്ലാത്ത സ്പാനിഷ് ടീമിനെക്കുറിച്ച് ചിന്തിക്കുന്നത് അസാധ്യം. കാരണം റാമോസിന്റെ പ്രതിരോധ കോട്ടയുടെ ബലം അത്രയുണ്ട്.
ലോകകപ്പില്‍ സ്പാനിഷ് ടീമിന്റെ രഹസ്യായുധങ്ങളില്‍ ഒന്നായിരിക്കും റാമോസെന്ന് ഉറപ്പിക്കാം. മികവിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന താരത്തിന്റെ സാന്നിധ്യം ടീമിന് കരുത്ത് പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി റയല്‍ മാഡ്രിഡ് ടീമിന്റെ നെടുംതൂണുകളില്‍ ഒരാളാണ് റാമോസ്. പ്രതിരോധത്തില്‍ ഉറച്ച് നില്‍ക്കുന്ന റാമോസിന് മുന്നോട്ട് കയറി ഗോള്‍ നേടാന്‍ കഴിയുന്നുവെന്നതാണ് മറ്റ് പ്രതിരോധക്കാരില്‍ നിന്ന് വ്യത്യസ്താനാക്കി നിര്‍ത്തുന്ന പ്രധാന ഘടകം. സ്പാനിഷ് ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ തവണ വല ചലിപ്പിച്ച പ്രതിരോധ താരമെന്ന റെക്കോര്‍ഡും റാമോസിന് സ്വന്തം. 36 ഗോളുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. അളന്ന് മുറിച്ച ഹെഡ്ഡറുകളാണ് സ്പാനിഷ് താരത്തിന്റെ പ്രധാന ആയുധം. സ്‌പെയിനിനായി 115 മത്സരങ്ങള്‍ കളിച്ച റാമോസ് ഒമ്പത് ഗോളുകളും ദേശീയ ടീമിനായി നേടിയിട്ടുണ്ട്.
റയല്‍ മാഡ്രിഡിനെ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതിന്റെ മുഴുവന്‍ മാര്‍ക്കും റാമോസിന് അവകാശപ്പെട്ടതാണ്. നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ബയേണ്‍ മ്യൂണിക്കിനെതിരായ പോരാട്ടത്തില്‍ റാമോസിന്റെ ഗോളുകളാണ് അക്ഷരാര്‍ഥത്തില്‍ ജര്‍മന്‍ കരുത്തരുടെ നില തെറ്റിച്ചത്. ഫൈനലിലും അതിന്റെ ആവര്‍ത്തനമുണ്ടായി. ഇഞ്ച്വറി ടൈമില്‍ തോല്‍വി മുന്നില്‍ കണ്ട് വിയര്‍ത്ത റയല്‍ മാഡ്രിഡിന് ജീവന്‍ തിരിച്ചു കിട്ടിയത് റാമോസ് അവസാന നിമിഷം സ്വന്തമാക്കിയ ഹെഡ്ഡര്‍ ഗോളാണ്. അപ്രതീക്ഷിതമായി അവസരം നീട്ടിക്കിട്ടിയപ്പോള്‍ റയല്‍ താരങ്ങളുടെ ശരീര ഭാഷയില്‍ കണ്ട മാറ്റത്തിന്റെ തെളിവാണ് അവരുടെ ഉജ്ജ്വല കിരീട നേട്ടത്തില്‍ പ്രതിഫലിച്ചത്. തന്റെ മിന്നല്‍ നീക്കം കൊണ്ട് റാമോസ് ടീമില്‍ സൃഷ്ടിക്കുന്ന ഊര്‍ജത്തിന്റെ ശക്തി ലോക കിരീടം നിലനിര്‍ത്താന്‍ സ്‌പെയിനിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്ന സ്പാനിഷ് ടീമിനും തുണയാകുമെന്ന് പ്രതീക്ഷിക്കാം.
അസൂയപ്പെടുത്തുന്ന നേട്ടങ്ങളാണ് റാമോസ് കളിക്കളത്തില്‍ സ്വന്തമാക്കിയിട്ടുള്ളത്. ദേശീയ ടീമിനൊപ്പം രണ്ട് യൂറോ കപ്പ്, ഒരു ലോകകപ്പ്. റയലിനൊപ്പം മൂന്ന് ലാ ലീഗ, രണ്ട് കോപ ഡെല്‍ റെ കിരീടങ്ങള്‍. അവസാനമിതാ ചാമ്പ്യന്‍സ് ലീഗിലും തന്റെ കൈയൊപ്പ് ചാര്‍ത്തി കിരീട നേട്ടം.
ബ്രസീലിലെത്തുന്ന എതിരാളികള്‍ സ്പാനിഷ് ടീമിലെ ഷാവി- ഇനിയെസ്റ്റ ദ്വയങ്ങളെ മാത്രം ഭയന്നാല്‍ പോരെന്ന് ചുരുക്കം. ഒരു പക്ഷേ ഇവരെ മാത്രം ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയുന്ന പരിശീലകര്‍ക്ക് റാമോസിന്റെ മിന്നല്‍ നീക്കങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന വേവലാതികള്‍ വലുതായിരിക്കും.

---- facebook comment plugin here -----

Latest