Connect with us

National

നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്‍ മുറ്റത്ത് നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ വൈകുന്നേരം 6.10 നായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ, അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി തുടങ്ങിയ സാര്‍ക്ക് രാഷ്ട്രതലവന്മാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. സാര്‍ക്ക് രാജ്യങ്ങളില്‍ അംഗമായ ബംഗ്ലാദേശില്‍ നിന്ന് ആരും എത്തിയിരുന്നില്ല. എത്താനാകില്ലെന്ന് ശേഖ് ഹസീന നേരത്തെ തന്നെ അറിയിച്ചിരുന്നു.

23  കാബിനറ്റ് മന്ത്രിമാരും 10 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 11 സഹമന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മോദി മന്ത്രിസഭയില്‍ 11 സഹമന്ത്രിമാരുമുണ്ട്. എന്‍.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിക്കും, ശിവസേനയ്ക്കും, അകാലിദളിനും കാബിനറ്റ് പദവിയുള്ള ഓരോ മന്ത്രിമാരുണ്ട്.

ബി ജെ പി മുന്‍ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി സുഷമാ സ്വരാജും നാലാമതായി അരുണ്‍ ജയ്റ്റിലിയും അഞ്ചാമതായി വെങ്കയ്യ നായിഡുവും സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് യഥാക്രമം നിതിന്‍ ഗാഡ്കരി, സദാനന്ദ ഗൗഡ, ഉമാഭാരതി, ഡോ. നജ്മ ഹെപ്തുല്ല, ഗോപിനാഥ് മുണ്ടെ, റാംവിലാസ് പാസ്വാന്‍, കല്‍രാജ് മിശ്ര, മേനകാ സഞ്ജയ് ഗാന്ധി, അരുണ്‍ കുമാര്‍, രവിശങ്കര്‍ പ്രസാദ്, അശോക് ഗജപതി രാജു, അനന്ത് ഗീഥേ, ഹര്‍ഷിമത് കൗര്‍, നരേന്ദ്ര സിംഗ് തോമര്‍, ജൂവല്‍ ഓറം, രാധാമോഹന്‍ സിംഗ്, താവര്‍ ചന്ദ് ഗെഹലോട്ട്, സൃമൃതി സുബിന്‍ ഇറാനി, ഡോ. ഹര്‍ഷ വര്‍ധന്‍ എന്നിവര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

തുടര്‍ന്ന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുടെ ഊഴമായിരുന്നു. ഈ കൂട്ടത്തില്‍ വി കെ സിംഗ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് റാവു ഇന്ദ്രജിത്ത്, സന്തോഷ് ഗാംഗ് വാര്‍, ശ്രീപദ് നായിക്, ധര്‍മേന്ദ്ര പ്രധാന്‍, സര്‍വാനന്ദ് സോണ്‍ വാള്‍, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, ഡോ. ജിതേന്ദ്ര സിംഗ്, നിര്‍മല സീതാരാമന്‍ എന്നിവര്‍ അധികാരമേറ്റു.

ജി എം സിദ്ദേശ്വരയ്യ, മനോജ് സിന്‍ഹ, നിഹാല്‍ ചന്ദ്, ഉപേന്ദ്ര കുഷാവ്, രാധാകൃഷ്ണന്‍ പി, കിരണ്‍ റിജ്ജു, ക്രിഷാല്‍ പാല്‍, ഡോ. സഞ്ജയ് കുമാര്‍ ബല്യാന്‍, മന്‍സൂഖായി വാസവ, റാവൂ സാബ ധാന്‍വേ, കിരണ്‍ റിജ്ജു, സുദര്‍ശന്‍ ഭഗത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത സഹമന്ത്രിമാര്‍.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മന്ത്രിമാരും വിശിഷ്ടാതിഥികളും രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്തു.