കൈയ്യിലിരിപ്പ് നന്നാകണം

Posted on: May 25, 2014 6:00 am | Last updated: May 24, 2014 at 10:55 pm

SIRAJ.......ബി ജെ പി നേതാവ് നരേന്ദ്രമോദി നാളെ രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയാണ്. ചരിത്രത്തിലാദ്യമായി കേവല ഭൂരിപക്ഷം ഉറപ്പാക്കിക്കൊണ്ടാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എ ഭരണസാരഥ്യമേല്‍ക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പാര്‍ശ്വഫലമായി ബീഹാറില്‍ ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദം രാജിവെച്ചു. ജെ ഡി യുക്കാരായ എം എല്‍ എമാരെ സ്വാധീനിച്ച് നിതീഷ്‌കുമാറിനെ അട്ടിമറിക്കാന്‍ ബി ജെ പി ഉദ്ദേശിച്ചിരുന്നുവത്രെ. ബി ജെ പിയുടെ നിയുക്തപ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ നിശ്ചയിച്ചതില്‍ അമര്‍ഷം പൂണ്ട്, ബീഹാറില്‍ ബി ജെ പിയുമായുണ്ടായിരുന്ന സഖ്യം നിതീഷ്‌കുമാര്‍ പൊട്ടിച്ചെറിയുകയായിരുന്നു. മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു നിതീഷിന്റെ തീരുമാനം. ഇടത്-ജനാധിപത്യ- മതേതര മുന്നണിയായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. പക്ഷെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും പാര്‍ട്ടിക്കും കനത്ത തിരിച്ചടി ലഭിച്ചു. 40ല്‍ 31 സീറ്റും എന്‍ ഡി എ നേടി. 2009ല്‍ 20 ലോക്‌സഭാ സീറ്റുകള്‍ നേടിയിരുന്ന നിതീഷിന് ലഭിച്ചത് 2 സീറ്റ് മാത്രം. ഈ പ്രഹരത്തോടൊപ്പം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി നിതീഷിനെ മുട്ടുകുത്തിക്കാനായിരുന്നുവത്രെ ബി ജെ പി ശ്രമിച്ചത്. ആ നീക്കം തന്റെ രാജിപ്രഖ്യാപനത്തോടെ നിതീഷ് പൊളിച്ചു. അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ജിതിന്‍ റാം മാഞ്ചി പകരം മുഖ്യമന്ത്രിയുമായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ നായകത്വത്തില്‍ തന്നെ നേരിടാനും ജെ ഡി യു പാര്‍ലിമെന്റെറിപാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. സി പി ഐ, കോണ്‍ഗ്രസ്, ആര്‍ ജെ ഡി തുടങ്ങിയ കക്ഷികളടങ്ങിയ മതേതര- ജനാധിപത്യ സഖ്യത്തിന് രൂപം നല്‍കുകയും ചെയ്തു. ഇത് ദേശീയതലത്തില്‍ വിപുലീകരിക്കാനും ഉദ്ദേശ്യമുണ്ട്.
ഉത്തര്‍പ്രദേശിലടക്കം മറ്റുപല സംസ്ഥാനങ്ങളിലും മതനിരപേക്ഷ കക്ഷികള്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. യു പിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 70 എണ്ണവും നേടിയത് ബി ജെ പിയാണ്. മുലായം സിംഗ് നയിക്കുന്ന സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചത് 5 സീറ്റ്. ജയിച്ചവരെല്ലാം മുലായത്തിന്റെ ബന്ധുക്കള്‍. ഏതായാലും ഈ കുടുംബ വാഴ്ചക്കെതിരെ ചികിത്സ തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടിയുടെ സംസാഥാന ഘടകം തന്നെ പിരിച്ചുവിട്ടു. സഹമന്ത്രിപദമുണ്ടായിരുന്ന 36 നേതാക്കളെ പുറത്താക്കി. മതന്യൂനപക്ഷ താത്പര്യ സംരക്ഷണത്തിന്റെ പേരില്‍ ഊറ്റംകൊണ്ടിരുന്ന മുലായത്തിന്റെ നാട്ടില്‍നിന്നും ലോക്‌സഭയിലേക്ക് ഒരു മുസ്‌ലിം പ്രതിനിധിപോലുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമേറ്റിട്ടും പാഠം പഠിക്കാത്ത ഒരു കക്ഷി കോണ്‍ഗ്രസാണ്. ആ പാര്‍ട്ടിയല്ല, പാര്‍ട്ടിയെ നയിക്കുന്നവരാണ് ഇതിന് ഉത്തരവാദികള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേര്‍ന്ന് പരാജയകാരണം വിലയിരുത്തിയപ്പോള്‍ എല്ലാവരും പരസ്പരം വിരല്‍ ചൂണ്ടുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജി സന്നദ്ധത അറിയിച്ചപ്പോള്‍ പ്രവര്‍ത്തകസമിതി അത് അപ്പടി തള്ളി. ഈ രണ്ടുപേര്‍ക്കൊപ്പം ഒട്ടേറെ യഥാര്‍ഥ പ്രതികളും രക്ഷപ്പെട്ടു. പാര്‍ട്ടിയില്‍ എല്ലാതലത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഉടച്ചുവാര്‍ക്കലിനും പാര്‍ട്ടി അധ്യക്ഷയെ ചുമതലപ്പെടുത്തി ‘ഒന്നും സംഭവിക്കാതെ’ പ്രവര്‍ത്തക സമിതി പിരിഞ്ഞു. സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാകുക സ്വാഭാവികമാണെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തലോടെ എല്ലാ പ്രശ്‌നത്തിനും പ്രതിവിധിയായി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി രാജി സന്നദ്ധത അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് തള്ളി.
രാജ്യമാകെ തിരിച്ചടിയേറ്റിട്ടും കേരളത്തില്‍ കോണ്‍ഗ്രസ് പിടിച്ചുനിന്നു. ചാലക്കുടിയിലും തൃശൂരിലും തോറ്റത് മുതിര്‍ന്ന നേതാവും ദേശീയ വക്താവുമായ പി സി ചാക്കോയുടെ ‘സീറ്റുവെച്ചുമാറല്‍’ തന്ത്രം കാരണമാണെന്ന് പറയാതെ വയ്യ. പാവം ധനപാലനെ ബലികൊടുത്തു. ഏതായാലും നമ്മുടെ കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഒടുവില്‍ വെടിപൊട്ടിക്കാന്‍ തന്നെ തീരുമാനിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു പി എ തോല്‍ക്കുമെന്ന് നേരത്തെ തന്നെ അറിഞ്ഞിട്ടും അത് ചെറുക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഒന്നും ചെയ്തില്ല. ജനവിരുദ്ധ നടപടികള്‍ ഒന്നിന് പിറകെ മറ്റൊന്നായി ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ കാഴ്ചക്കാരായി മാറുകയായിരുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നതും കേട്ട് പെട്രോളിയം മന്ത്രി നിശബ്ദനായി ഇരിക്കുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. പക്ഷെ കൊടിക്കുന്നിലിന്റെ വികാര വിക്ഷോഭം, ‘കോടതി കേസ് തള്ളിയതിന് ശേഷമുള്ള ന്യായവാദ’മായിപ്പോയി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഒഡിഷയില്‍ ബി ജെ ഡി നേതാവ് നവീന്‍ പട്‌നായ്ക് തകര്‍പ്പന്‍ ജയം നേടി. ലോക്‌സഭയിലേക്ക് തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയും പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ‘ആദ്യം കൈയ്യിലിരിപ്പ് നന്നാകണം.’ അത് മോശമായാല്‍ പരാജയത്തിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.