പാശ്ചാത്യ അധിനിവേശത്തിന്റെ കുഴലൂത്ത്

Posted on: May 25, 2014 6:00 am | Last updated: May 24, 2014 at 10:53 pm

bokoharamവാര്‍ത്തകളില്‍ ക്രൂരമായ വംശീയതയുണ്ട്. പാശ്ചാത്യ, പൗരസ്ത്യ വിവേചനവും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊതുവേയുള്ള വാര്‍ത്തകള്‍ ദാരിദ്ര്യവും കലാപവുമായിരിക്കും. മധ്യപൗരസ്ത്യ ദേശത്ത് നിന്ന് സ്‌ഫോടന വാര്‍ത്തകള്‍. അറബ് ലോകത്ത് നിന്ന് പൊങ്ങച്ച വാര്‍ത്തകള്‍. പടിഞ്ഞാറ് നിന്നാണ് നേട്ടങ്ങളുടെ വാര്‍ത്തകള്‍. കണ്ടുപിടിത്തങ്ങള്‍, മുന്നേറ്റങ്ങള്‍, ജനാധിപത്യ വിജയങ്ങള്‍, മനുഷ്യാവകാശ സംരക്ഷണങ്ങള്‍ എല്ലാം അവിടെയാണ്. വാര്‍ത്തകളില്‍ നൈജീരിയയെന്ന ആഫ്രിക്കന്‍ രാജ്യം നിറഞ്ഞ് തുളുമ്പുമ്പോഴാണ് ഈ ‘ലോകവിശേഷ’ത്തിന് മുതിരുന്നത്. വിദേശവാര്‍ത്തകളോട് താത്പര്യമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നൈജീരിയയില്‍ ഇപ്പോള്‍ പുളയ്ക്കുന്ന വാര്‍ത്തകളോട് സവിശേഷമായ താത്പര്യം കാണുന്നു. അതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി അവിടെ നിന്നുള്ള വാര്‍ത്തകളില്‍ മാനുഷികമായ ഐക്യദാര്‍ഢ്യത്തിന് ന്യായമായ സാധ്യതയുണ്ട്. ഹാ കഷ്ടം എന്ന് പലവുരു പറയാന്‍ പുറത്തുള്ളവര്‍ക്ക് അത് അവസരമൊരുക്കുന്നു. കാരണം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത് പെണ്‍കുട്ടികളെയാണ്. ഒന്നും രണ്ടുമല്ല. 276 പേരെ. അതും സ്‌കൂളില്‍ നിന്നാണ് പിടിച്ചു കൊണ്ടു പോയത്. 53 കുട്ടികള്‍ എങ്ങനെയോ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ വടക്ക് കിഴക്കന്‍ പ്രവിശ്യയിലെവിടെയോ ഉണ്ടെന്നല്ലാതെ ഒരു തുമ്പും സര്‍ക്കാറിന്റെ കൈയിലില്ല. അതിനിടക്ക് തീവ്രവാദികളുടേതെന്ന നിലയില്‍ ഒരു വീഡിയോ പുറത്ത് വന്നു. അതില്‍ കുട്ടികള്‍ മുഴുവന്‍ പര്‍ദ അണിഞ്ഞ നിലയിലാണ്. അവരെ മുഴുവന്‍ മതപരിവര്‍ത്തിതരാക്കിയെന്നാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട തീവ്രവാദി നേതാവെന്ന് കരുതപ്പെടുന്നയാള്‍ പറയുന്നത്. അവര്‍ക്ക് മതാധ്യാപനം നടത്തുന്നുണ്ടത്രേ. തന്റെ കൂട്ടാളികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തിടത്തോളം കുട്ടികളെ മോചിപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് വീഡിയോയില്‍ നേതാവ് തീര്‍ത്ത് പറയുന്നു.

വാര്‍ത്തയില്‍ നിറയുന്നത് മുസ്‌ലിം നാമധാരിയായ ഒരു സംഘടനയാണ് എന്നതും ഈ വാര്‍ത്തകള്‍ക്ക് വന്‍ പ്രഹരശേഷി നല്‍കുന്നുണ്ട്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘടനയുടെ പ്രാദേശികമായ വിളിപ്പോര് ബോക്കോ ഹറാം എന്നാണ്. പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധമെന്നാണ് ഈ പദത്തിന്റെ അര്‍ഥം. സംഘടനയുടെ യഥാര്‍ഥ പേരില്‍ അഹ്‌ലുസ്സുന്നത്തും ഇസ്‌ലാമും ഒക്കെയുണ്ട്. ഇവരെ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളിലാണ് പെടുത്തിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ നൈജീരിയയിലെ പ്രമുഖ പട്ടണമായ മെയ്ദുഗുരിയില്‍ 2002ലാണ് ഈ സംഘടന പ്രത്യക്ഷപ്പെട്ടത്. ഇടക്കിടക്ക് സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുക, നിരപരാധികളെ വധിക്കുക, സ്‌കൂളുകള്‍ തകര്‍ക്കുക തുടങ്ങിയവയാണ് പ്രവര്‍ത്തനങ്ങള്‍. നൈജീരിയന്‍ സര്‍ക്കാറിനെ അവര്‍ അംഗീകരിക്കുന്നില്ല. പാശ്ചാത്യ പിണിയാളുകളാണ് സര്‍ക്കാര്‍ സംവിധാനം. രാജ്യത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം പാശ്ചാത്യ വിദ്യാഭ്യാസമാണ്. നേര്‍വഴിയിലേക്ക് വരുന്നവരെ ഈ വിദ്യാഭ്യാസം പിഴപ്പിക്കുന്നു. ഈ വിദ്യാഭ്യാസ സംവിധാനം തനതായ സംസ്‌കാരം, വസ്ത്രധാരണം, ഭക്ഷണ രീതി, വിശ്വാസ രീതി, സാമൂഹിക ബന്ധങ്ങള്‍ എല്ലാം തകര്‍ക്കുന്നു. രാജ്യത്തെ പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരും നല്‍കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും മതവംശഭേദമന്യേ ബോക്കോ ഹറാമിന്റെ ശത്രുക്കളാണ്. ഇവര്‍ക്കെതിരെയെല്ലാം ഈ സംഘടനയിലെ പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാര്‍ ഒളിയാക്രമണം നടത്തുന്നു. ചരിത്രപരമായ ന്യായീകരണങ്ങളുമുണ്ട് ബോക്കോ ഹറാമിന്. ബ്രിട്ടീഷ് അധിനിവേശമാണ് നൈജീരിയയെ ഒരു ഇസ്‌ലാമിക രാജ്യമാകുന്നതില്‍ നിന്ന് തടഞ്ഞതെന്ന് അവര്‍ വിശ്വസിക്കുന്നു. അധിനിവേശ സര്‍ക്കാര്‍ പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ മുഴുവന്‍ പേരെയും മതപരിവര്‍ത്തിതരാക്കി മാറ്റി. 1960ന് ശേഷം അധിനിവേശം അവസാനിച്ചെങ്കിലും പരോക്ഷ അധിനിവേശം മാരകമായി തുടര്‍ന്നുവെന്നും പിന്നീട് വന്ന ക്രിസ്ത്യന്‍, മുസ്‌ലിം ഭരണാധികാരികളെല്ലാം ഈ അധിനിവേശത്തിന് ഓച്ഛാനിച്ച് നിന്നുവെന്നും സായുധ പോരാട്ടത്തിലൂടെ ഈ ഭരണകൂടത്തെ താഴെയിറക്കുകയെന്ന ചരിത്ര ദൗത്യത്തിലാണ് തങ്ങളെന്നും സംഘടന അവകാശപ്പെടുന്നു. പാശ്ചാത്യവത്കരണത്തിനെതിരെ നിലകൊള്ളുന്നുവെന്ന പ്രത്യയ ശാസ്ത്ര അടിത്തറ ഒരുക്കി അക്രമം അഴിച്ചു വിടുന്ന തീവ്രവാദി, ഇസ്‌ലാമിസ്റ്റ് സംഘമെന്ന് ബോക്കോ ഹറാമിനെ നിര്‍വചിക്കാം.

ബോക്കോ ഹറാമിന്റെ ഉത്ഭവം പൂര്‍ണമായി തീവ്രവാദപരമായിരുന്നുവെന്ന് പറയാനാകില്ല. അവരെ ആക്രമണത്തിന്റെ പാതയിലേക്ക് കൊണ്ടു വരുന്നതില്‍ സര്‍ക്കാറിനും ഒരു പങ്കുണ്ട്. മെയ്ദുഗുരിയില്‍ ഒരു ഇസ്‌ലാമിക് സെന്റര്‍ തുടങ്ങിക്കൊണ്ടാണ് ഗ്രൂപ്പിന്റെ സ്ഥാപക നേതാവ് മുഹമ്മദ് യൂസുഫ് പ്രവര്‍ത്തനം തുടങ്ങിയത്. സമാന്തര വിദ്യാഭ്യാസ കേന്ദ്രമായി ഇത് വികസിച്ചു. മേഖലയിലെ മുസ്‌ലിംകളില്‍ നല്ലൊരു ശതമാനം സര്‍ക്കാറിന്റെ സ്‌കൂളുകള്‍ ബഹിഷ്‌കരിച്ചു. പാശ്ചാത്യ വിദ്യാഭ്യാസ മാതൃകക്കെതിരെ ശക്തമായ വികാരം സൃഷ്ടിക്കുന്നതില്‍ സംഘടന വിജയിച്ചു. മോട്ടോര്‍ ബൈക്കുകളിലെത്തി അധ്യാപകരെയും സ്‌കൂള്‍ അധികൃതരെയും ആക്രമിച്ചു കൊണ്ടാണ് ബോക്കോ ഹറാം അക്രമത്തിന്റെ വഴി സ്വീകരിച്ച് തുടങ്ങിയത്. പ്രാദേശിക സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ബോധന രീതി ആവിഷ്‌കരിച്ച് ബോക്കോ ഹറാമിന് ജനങ്ങള്‍ക്കിടയിലെ സ്വാധീനം കുറയ്ക്കാന്‍ സര്‍ക്കാറിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇതിന് പകരം സൈന്യത്തെ വിട്ട് ശക്തമായ അടിച്ചമര്‍ത്തലിനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. യൂസുഫ് കൊല്ലപ്പെട്ടതോടെ ബോക്കോ ഹറാം ലക്ഷണമൊത്ത ഭീകര സംഘടനയായി മാറി. ഭരണം അട്ടിമറിക്കുകയെന്ന ‘ഭാരിച്ച’ ലക്ഷ്യത്തിലേക്ക് അവര്‍ കൂപ്പുകുത്തുകയും ചെയ്തു. അങ്ങനെയാണ് ഇന്നത്തെ നിലയിലുള്ള ബോക്കോ ഹറാം പിറന്നത്.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യ ശക്തികളുടെ പുതിയ ആക്രമണ മുനയായി നൈജീരിയ മാറുന്നുവെന്നതാണ് ഈ വാര്‍ത്തകള്‍ക്ക് വലിയ പ്രധാന്യം കൈവരുന്നതിന്റെ മറ്റൊരു കാരണം. പ്രസിഡന്റ് ജൊനാതന്‍ ഗുഡ്‌ലക്ക് പാശ്ചാത്യ ശക്തികളെ ക്ഷണിച്ചത് പെണ്‍കുട്ടികളെ കണ്ടെത്തി മോചിപ്പിക്കാനാണ്. എന്നാല്‍ ബോക്കോ ഹറാമിനെ വേരോടെ പിഴുതെറിഞ്ഞിട്ടേ മടക്കമുള്ളൂ എന്നാണ് അമേരിക്കന്‍ സൈനിക നേതൃത്വം പറയുന്നത്. നൈജീരിയന്‍ ആകാശത്ത് യു എസ് യുദ്ധവിമാനങ്ങള്‍ ഇരമ്പാന്‍ തുടങ്ങിയിരിക്കുന്നു. ബ്രിട്ടനും ഫ്രാന്‍സുമൊക്കെ തയ്യാറായി നില്‍ക്കുന്നുണ്ട്. ഇസ്‌റാഈലുമുണ്ട് കൂട്ടിന്. ഒരു തരം മതപരമായ ബാധ്യത നിറവേറ്റുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇസ്‌റാഈലിലെ സര്‍ക്കാര്‍ അനുകൂല പത്രങ്ങള്‍ നൈജീരിയന്‍ ദൗത്യത്തെ പരിചയപ്പെടുത്തുന്നത്. ആഫ്രിക്കയിലെ ഏറ്റവും ജനനിബിഡവും ഭൂവിസ്തൃതിയുള്ളതും പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നവുമായ നൈജീരിയയില്‍ വേരുറപ്പിക്കാനുള്ള വ്യഗ്രതയാണ് ഈ പാശ്ചാത്യ രക്ഷകര്‍ക്ക്.

ഗുഡ്‌ലക്കിനും അദ്ദേഹത്തിന്റെ സര്‍ക്കാറിനും ഇതിലൊന്നും പരാതിയില്ല. വന്‍ ശക്തികള്‍ വെച്ച് നീട്ടുന്ന കൂറ്റന്‍ സാമ്പത്തിക പാക്കേജിലാണ് അദ്ദേഹത്തിന്റെ കണ്ണ്. രക്ഷിക്കാനിറങ്ങിയവരുടെയും ലാക്ക് സമ്പത്ത് തന്നെയാണ്. എല്ലാ പോര്‍ക്കളങ്ങളും ആയുധക്കച്ചവടക്കാര്‍ക്ക് വേണ്ടിയാണല്ലോ തുറക്കപ്പെടുന്നത്. നൈജീരിയയിലെ വടക്ക് കിഴക്കന്‍ മേഖലയിലെ താരതമ്യേന ചെറുതെന്ന് പറയാവുന്ന ഒരു തീവ്രവാദ സംഘടനയെ അമര്‍ച്ച ചെയ്യുന്നത് ആലോചിക്കാന്‍ ഒരു അന്താരാഷ്ട്ര ഉച്ചകോടി തന്നെ ചേര്‍ന്ന് കളഞ്ഞു. പാരീസില്‍ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിന്റെ പ്രധാന നിഗമനം ഇതായിരുന്നു: ബോക്കോ ഹറാമിനെ അല്‍ ഖാഇദക്ക് സമാനമായി കാണേണ്ടതുണ്ട്. ഈ ഉച്ചകോടി കഴിഞ്ഞ ശേഷം നൈജീരിയയിലും കാമറൂണിലുമായി മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നു. 150ലേറെപ്പേരാണ് മരിച്ചത്. ബോക്കോ ഹറാം തീര്‍ത്തു പറയുന്നു, അതിന് പിന്നില്‍ തങ്ങളല്ലെന്ന്. പിന്നെ ആരാണ്?

ബോക്കോ ഹറാമിനെ മുന്‍ നിര്‍ത്തി പുതിയ അധിനിവേശത്തിന് കളമൊരുങ്ങുന്നുവെന്ന് ചുരുക്കം. പാശ്ചാത്യവത്കരണത്തെ ചെറുക്കാന്‍ പാവം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പര്‍ദയണിയിക്കുന്ന ബോക്കോ ഹറാമുകാര്‍ അധിനിവേശത്തിന്റെ ഉപകരണങ്ങളാകുകയാണ്. മതവ്യാപനത്തിന് ശ്രമിക്കുന്ന ഇക്കൂട്ടര്‍ മതത്തിന്റെ യഥാര്‍ഥ പ്രതിച്ഛായയെ എത്ര ക്രൂരമായാണ് വികലമാക്കുന്നത്? ഇത് ബോക്കോ ഹറാമിന്റെ മാത്രം പ്രശ്‌നമല്ല. എല്ലാ ഇസ്‌ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകളും പാശ്ചാത്യ അധിനിവേശത്തിന്റെ നടത്തിപ്പുകാരാണ്. ആധുനിക ലോകക്രമത്തില്‍ ഇസ്‌ലാമിന്റ രാഷ്ട്രീയ പ്രയോഗമാണത്രേ ഇസ്‌ലാമിസ്റ്റുകള്‍ നിര്‍വഹിക്കുന്നത്. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (ബ്രദര്‍ഹുഡ്), സിറിയയിലെ ബ്രദര്‍ഹുഡ്, തുണീഷ്യയിലെ അന്നഹ്ദ, ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ജമാഅത്തേ ഇസ്‌ലാമി, ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയെല്ലാം ഒരേ ആശയക്കുടക്കീഴില്‍ വരുന്നവരാണ്. തുര്‍ക്കിയിലെ എ കെ പാര്‍ട്ടി നേതാവ് ത്വയ്യിബ് ഉര്‍ദുഗാനും സുഡാനിലെ ഭരണാധികാരി ഉമര്‍ അല്‍ ബാശിറും ഇസ്‌ലാമിസ്റ്റുകളാണ്. ഈ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പില്‍ അല്‍ഖാഇദയും അല്‍ ശബാബും വരെയുണ്ട്. ആഗോള പരിഗണനയില്‍ ഇവയെല്ലാം സുന്നി സംഘടനകളാണ്. ‘ശിയാ ഇതര’മായതെല്ലാം സുന്നി എന്നര്‍ഥത്തിലാണ് അത്. പാരമ്പര്യ നിരാസമാണ് ഇവരുടെ മുഖമുദ്ര. എവിടെയൊക്കെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ടോ അവിടെയെല്ലാം പാരമ്പര്യ ശേഷിപ്പുകള്‍ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
ബോധപൂര്‍വമനായോ അബോധപൂര്‍വമായോ, പ്രത്യക്ഷമായോ പരോക്ഷമായോ ആധുനിക അധിനിവേശങ്ങള്‍ക്ക് കളമൊരുക്കുന്നത് ഇസ്ലാമിസ്റ്റ് ധാരയിലെ സംഘടനകളാണെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണത്തിന്റെ ഒന്നും ആവശ്യമില്ല. സിറിയയിലേക്ക് നോക്കൂ. അവിടെ ബശര്‍ അല്‍ അസദ് വീണാല്‍ അധികാരം പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബ്രദര്‍ഹുഡ് പാശ്ചാത്യരെ വിളിച്ചു വരുത്തുകയാണ്. രാജ്യത്ത് അമേരിക്കന്‍ പട്ടാളമിറങ്ങുന്നത് കാത്തിരിക്കുകയാണ് വിമത ഗ്രൂപ്പുകള്‍. വന്നുവന്നിപ്പോള്‍ വിമതരെപ്പേടിച്ച് ജനങ്ങള്‍ പലായനം ചെയ്യുകയാണ്. അമേരിക്കയും അറബ് രാജ്യങ്ങളും നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് പരസ്പരം പോരടിക്കുകയാണ് വിമതര്‍. സിറിയ നിതാന്തമായ അശാന്തിയില്‍ അകപ്പെട്ടു കഴിഞ്ഞു. റഷ്യ ഇടപെട്ടത് കൊണ്ട് മാത്രം അമേരിക്ക നേരിട്ടിറങ്ങിയിട്ടില്ല. ഏത് നിമിഷവും സിറിയന്‍ ആകാശം യു എസ് യുദ്ധവിമാനനിബിഡമാകും. ലിബിയയില്‍ ഗദ്ദാഫിയെ പുറത്താക്കി ഭരണം തുടങ്ങിയ ഇസ്‌ലാമിസ്റ്റുകള്‍ ഇന്ന് പല തട്ടിലാണ്. ലിബിയന്‍ തീരത്ത് നങ്കൂരമിടുന്ന വിദേശ കപ്പലുകള്‍ എണ്ണ സമ്പത്ത് മുഴുവന്‍ കൊണ്ടു പോകുന്നു. ഈജിപ്തില്‍ ഭരിച്ച് പരാജയപ്പെട്ട മുര്‍സി സര്‍ക്കാറിനെ ജനം പിടിച്ച് താഴെയിട്ടു. ആ പഴുതില്‍ കയറി ഇരുന്നത് സൈന്യമാണ്. ഇപ്പോള്‍ സൈനിക മേധാവി പ്രസിഡന്റാകാന്‍ പോകുന്നു.

ഇസ്‌ലാമിനെ മൗലികമായി സ്വീകരിക്കുന്നവര്‍ക്ക് രാഷ്ട്രീയ അധികാരം കൈവരുമ്പോള്‍ എങ്ങനെയാകും പെരുമാറുകയെന്നതിന് മാതൃകയായി ആഗോള പൊതുബോധം ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുമ്പോള്‍ തെറ്റായി പ്രതിനിധാനം ചെയ്യപ്പെടുന്നത് ഇസ്‌ലാമാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തുന്നവര്‍ രാക്ഷസവത്കരിക്കുന്നത് ഇസ്‌ലാമിനെയാണ്. അത്‌കൊണ്ട് മതത്തെ സ്‌നേഹിക്കുന്നവര്‍ ഇസ്‌ലാമിസ്റ്റുകളെ നിരന്തരം തുറന്ന് കാണിക്കേണ്ടതുണ്ട്.

[email protected]